Asif Ali: സർക്കീട്ടിലേക്ക് ഓർഹാനെ തിരഞ്ഞെടുത്തത് 700ഓളം പേരെ ഓഡിഷൻ ചെയ്തതിന് ശേഷം: ആസിഫ് അലി
Asif Ali About Orhan Hyder: സർക്കീട്ട് എന്ന തൻ്റെ സിനിമയിൽ അഭിനയിക്കാൻ ഓർഹാൻ ഹൈദറെ തിരഞ്ഞെടുത്തത് 700ഓളം പേരെ ഓഡിഷൻ ചെയ്തതിന് ശേഷമെന്ന് ആസിഫ് അലി. സംവിധായകൻ തമർ വ്യക്തിപരമായാണ് ഓഡിഷൻ നടത്തിയതെന്നും ആസിഫ് പറഞ്ഞു.
സർക്കീട്ട് എന്ന സിനിമയിലേക്ക് ഓർഹാൻ ഹൈദറെ തിരഞ്ഞെടുത്തത് 700ഓളം പേരെ ഓഡിഷൻ ചെയ്തതിന് ശേഷമെന്ന് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി. ദി ക്യൂവിനോടായിരുന്നു താരത്തിൻ്റെ പ്രതികരണം. തമർ സംവിധാനം ചെയ്ത സർക്കീട്ട് എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
“ജപ്പുവിൻ്റെ ക്യാരക്ടർ ചെയ്ത ഓർഹാനുവേണ്ടി ഏകദേശം 700ഓളം കുട്ടികളെ തമർ പേഴ്സണലി ഓഡിഷൻ ചെയ്തു. ഹൈപ്പർ ആക്ടീവ് ആയിട്ടുള്ള ഒരു കുട്ടിയാണ്. ആ കുട്ടിയുടെ പേരൻ്റിങ് കുറച്ച് ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയയിൽ ഓർഹാനെ ഫോളോ ചെയ്യുന്നവർക്കറിയാം, അവൻ്റെ ഹൈപ്പർ ആക്ടീവ് ലെവൽ എന്താണെന്ന്.”- ആസിഫ് അലി പറഞ്ഞു.
“എട്ട് വയസുള്ള ഒരു കുട്ടിയെക്കൊണ്ട് ഫുൾ ഡേ ഷൂട്ട് ചെയ്യിക്കുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ, അവനോ മാതാപിതാക്കൾക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മാതാപിതാക്കൾ അവനെ വളർത്തുന്ന രീതിവരെ മാതൃകയാണ്. നൈറ്റ് ഷോട്ടുകൾ ചെയ്യുമ്പോൾ ദുബായിൽ ഭയങ്കര തണുപ്പാണ്. വെളുപ്പിന് മൂന്ന് മണിക്കൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ഷോട്ടിന് തൊട്ടുമുന്നേ ജാക്കറ്റ് ഊരും. ഞാൻ പിടിച്ചിട്ടുള്ള കൈ തണുപ്പ് കൊണ്ട് വിറയ്ക്കുന്നത് എനിക്ക് കാണാം. ഇവൻ ‘ഒരു കടിഞ്ചായ തരുമോ’ എന്ന് ചോദിച്ച് അത് കുടിച്ചിട്ടാണ് അഭിനയിക്കുക.”- ആസിഫ് തുടർന്നു.