Basil Joseph: ‘കഥ പറഞ്ഞപ്പോള്‍ പലതും മനസ്സിലായില്ല, ഈ സിനിമ ചെയ്തതിന് കാരണം ജഗതി ചേട്ടൻ’; ബേസിൽ ജോസഫ്
Basil Joseph about Vala Movie: വല സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം. ജഗതി ചേട്ടന്റെ കൂടെ നിൽക്കാൻ പറ്റുക എന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ എക്സൈറ്റ്മെന്റെന്ന് ബേസിൽ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

സംവിധായകനായി എത്തി ഇന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബേസിൽ ജോസഫ്. ബേസിലിന്റേതായി തിയറ്ററുകളിലെത്തുന്ന സിനിമകളെല്ലാം വൻ ഹിറ്റാണ് സ്വന്തമാക്കുന്നത്. കുഞ്ഞിരാമായണത്തിലൂടെയാണ് ബേസിൽ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലൂടെ ബേസിൽ ജോസഫ് എന്ന സംവിധായകന്റെ കഴിവിലെ സിനിമാ പ്രേമികൾ മനസ്സിലാക്കി. ഇപ്പോൾ അഭിനയ രംഗത്താണ് താരം തിളങ്ങുന്നത്.
അരുൺ ചന്തു അണിയിച്ചൊരുക്കുന്ന വലയാണ് ബേസിലിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ഗ്ലിംപ്സിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും വലയ്ക്കുണ്ട്. അപകടത്തിന് ശേഷം ആദ്യമായാണ് ഒരു ചിത്രത്തിലെ പ്രധാന വേഷം അദ്ദേഹം ചെയ്യുന്നത്.
ALSO READ: ‘റേറ്റിങിന് പിന്നാലെയാണ് മാധ്യമങ്ങള്‍; എത്ര ജീവിതങ്ങളാണ് കുരുതി കൊടുത്തതെന്ന് ആലോചിക്കണം’
ഇപ്പോഴിതാ സിനിമയെ പറ്റിയും ജഗതി ശ്രീകുമാറിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ പറ്റിയും സംസാരിക്കുകയാണ് താരം. ജഗതി ചേട്ടന്റെ കൂടെ നിൽക്കാൻ പറ്റുക എന്നതാണ് ഈ സിനിമയിലെ ഏറ്റവും വലിയ എക്സൈറ്റ്മെന്റെന്ന് ബേസിൽ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘അരുൺ ആദ്യം കഥ പറഞ്ഞപ്പോൾ എനിക്ക് പല കാര്യങ്ങളും മനസിലായില്ല. ഇനി ഒന്നും കൂടെ കേൾക്കണം. ജഗതി ചേട്ടനോട് വെൽക്കം ബാക്ക് സാർ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ടേക്ക് എവേ. ചന്തുവിന്റെ സംവിധാനത്തിൽ വർക്ക് ചെയ്യുന്നതും എക്സൈറ്റ് ചെയ്യിക്കുന്ന കാര്യമാണ്. ഞങ്ങൾ തിരയിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.
സെറ്റിലെത്തിയപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന ഐഡിയ ഉണ്ടായിരുന്നില്ല. ഒരു ഷേഡ് മുഖത്ത് വച്ച് തന്നിട്ട് പുറകിൽ പോയി നിൽക്കാൻ പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ സോംബി സിനിമയുടെ ഭാഗ്യമാകാൻ സാധിച്ചത് വലിയ കാര്യമാണ്’ ബേസിൽ പറഞ്ഞു.