Nivin Pauly: ലോകേഷിന്റെ എല്‍ സി യുവിൽ വില്ലൻ നിവിൻ പോളി? ട്രെൻഡിങ്ങായി ‘ബെൻസ്’ പുത്തൻ പോസ്റ്റർ
Nivin Pauly in LCU: സിനിമയിലെ വില്ലൻ കഥാപാത്രത്തെ ബുധനാഴ്ച പരിചയപ്പെടുത്തുമെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്ക് വച്ചിരിക്കുന്നത്. തലമുടി നീട്ടി വളർത്തിയ ഒരാൾ പുറംതിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെന്‍സ്. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരുന്നു. സിനിമയിലെ വില്ലൻ കഥാപാത്രത്തെ ബുധനാഴ്ച പരിചയപ്പെടുത്തുമെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്ക് വച്ചിരിക്കുന്നത്. തലമുടി നീട്ടി വളർത്തിയ ഒരാൾ പുറംതിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇയാള്‍ ധരിച്ചിരിക്കുന്ന കോട്ടില്‍ BADDIE എന്ന് എഴുതിയിട്ടുണ്ട്. അതിനാൽ നാളെ പുറത്തുവരുന്നത് ചിത്രത്തിലെ വില്ലനായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.
അപ്ഡേറ്റ് പുറത്ത് വന്നതിന് പിന്നാലെ അതാരാകും എന്ന ചർച്ചയിലാണ് ആരാധകർ. ബെൻസിൽ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം നിവിൻപോളി ആണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. You are ‘N’ot Ready for this. എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഇതിലെ N ഹൈലൈറ്റ് ചെയ്തതിൽ നിന്നാണ് നിവിൻ പോളി ആകുമിതെന്ന് ആരാധകർ പറയുന്നത്. മാത്രവുമല്ല, നിവിൻ തിരിച്ചെത്തുന്നുവെന്ന അപ്ഡേറ്റുകളെല്ലാം സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. താരത്തിന്റെ ട്രാൻഫോർമേഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ ചർച്ചകൾ.