Bigg Boss Malayalam Season 7: ആദിലയുടെ പിറന്നാൾ; ബിന്നിയുടെ വിവാഹവാർഷികം: ബിഗ് ബോസ് ഹൗസിൽ ഇരട്ടിയാഘോഷം
Adhilas Birthday And Binnys Wedding Anniversary: ബിഗ് ബോസ് ഹൗസിൽ ആദിലയുടെ ജന്മദിനവും ബിന്നിയുടെ വിവാഹവാർഷികവും. കേക്ക് മുറിച്ചാണ് ഇത് ആഘോഷിച്ചത്.
ബിഗ് ബോസ് ഹൗസിൽ ഇരട്ടിയാഘോഷം. ആദിലയുടെ പിറന്നാളും ബിന്നിയുടെ വിവാഹവാർഷികവും ഒരു ദിവസമായിരുന്നു. ഇരുവർക്കും ബിഗ് ബോസ് രണ്ട് കേക്കുകൾ നൽകി. ഇത് മുറിച്ച് ഹൗസ്മേറ്റ്സ് വിശേഷദിവസം ആഘോഷിച്ചു. ആദിലയ്ക്കും ബിന്നിയ്ക്കും പുറത്തുനിന്ന് ആശംസകളുമെത്തി.
കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് ശേഷം നൂറ തന്നെ ആദിലയുടെ ജന്മദിനത്തെപ്പറ്റി ബിഗ് ബോസിനോട് സൂചിപ്പിച്ചിരുന്നു. ഒരു കേക്ക് നൽകണമെന്നും ബിഗ് ബോസിൽ ഇത് ആദ്യ ജന്മദിനമാണെന്നും നൂറ പറഞ്ഞു. ഇത് പരിഗണിച്ചുകൊണ്ടാണ് ബിഗ് ബോസ് കേക്ക് നൽകിയത്.
വിഡിയോ കാണാം
ആദിലയ്ക്ക് ജന്മദിനാശംസകളുമായി ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും നടിയുമായ ശീതൾ ശ്യാം, ബിഗ് ബോസ് മത്സരാർത്ഥികളും എൽജിബിടിക്യു കമ്മ്യൂണിറ്റി അംഗങ്ങളുമായ നാദിയ മെഹ്റിൻ, അപർണ മൾബറി, ദിയ സന എന്നിവർ വിഡിയോ സന്ദേശങ്ങളയച്ചു. ഇത് ലിവിങ് റൂമിലെ ടെലിവിഷനിൽ പ്ലേ ചെയ്തു. ബിന്നിയുടെ മൂന്നാം വിവാഹവാർഷികത്തിന് ഭർത്താവ് നൂബിൻ ജോണിയുടെ ശബ്ദസന്ദേശമാണ് കേൾപ്പിച്ചത്. ദൃശ്യങ്ങൾ കാണിക്കുമെന്ന് കരുതി ബിന്നി ടെലിവിഷന് മുന്നിൽ ചെന്ന് നിന്നെങ്കിലും ശബ്ദസന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, ഇനി ആദിലയും നൂറയും രണ്ട് മത്സരാർത്ഥികളായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇരുവരും ഒരു മത്സരാർത്ഥിയായാണ് ഇതുവരെ കളിച്ചിരുന്നത്. എന്നാൽ, ഇനി രണ്ട് പേരും രണ്ടായി കളിക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചു. ഹൗസിലെ കാര്യങ്ങളിൽ ഇടപെടുന്ന, കരുത്തുറ്റ രണ്ട് മത്സരാർത്ഥികൾ പരസ്പരം കളിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.
കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി മുൻഷി രഞ്ജിത്, ആർജെ ബിൻസി, കലാഭവൻ സരിഗ, ശാരിക കെബി എന്നിവരാണ് പുറത്തായത്. ആദ്യ രണ്ട് ആഴ്ചകളിൽ ഓരോരുത്തരും കഴിഞ്ഞ ആഴ്ച രണ്ട് പേരും പുറത്തായി.