Adhila and Noora: ‘പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല…, ഞങ്ങൾ ആരുടെയും വീട്ടിലേക്ക് വിളിക്കാതെ കടന്നുചെന്നിട്ടില്ല’
പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല തങ്ങൾ അവിടെ പോയതെന്നും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലാണ് പോയതെന്നുമാണ് ഇവർ പറയുന്നത്. നൂറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
മലബാർ ഗോൾഡ് സ്ഥാപകനും ഡയറക്ടറുമായ ഫൈസൽ എ കെയുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾ ആദിലയും നൂറയും. പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല തങ്ങൾ അവിടെ പോയതെന്നും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലാണ് പോയതെന്നുമാണ് ഇവർ പറയുന്നത്. നൂറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. തങ്ങൾ ആരുടെയും വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുചെന്നിട്ടില്ലെന്നും ക്ഷണിക്കപ്പെടാത്ത ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
ഫൈസൽ മലബാറിന്റെ ഗൃഹപ്രവേശനത്തിന് തങ്ങളെ ക്ഷണിച്ചുവെന്നും നല്ലൊരു സ്ഥലത്ത് നിന്നാണ് ക്ഷണം ലഭിച്ചതെന്ന വിശ്വാസത്തിലാണ് തങ്ങൾ അവിടെ പോയതെന്നുമാണ് ഇവർ പറയുന്നത്. അവിടെയെത്തിയ തങ്ങളെ ഊഷ്മളമായാണ് സ്വാഗതം ചെയ്തത്. ആതിഥ്യമര്യാദയോടെയാണ് പെരുമാറിയതെന്നും ഫോട്ടോ എടുത്തുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.ഒരിക്കൽ പോലും തങ്ങളുടെ സാന്നിധ്യം ഒരു പ്രശ്നമാണെന്ന ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നാണ് ഇവർ പറയുന്നത്.
എന്നാൽ അടുത്ത ദിവസം, പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് മുൻകൂട്ടി അറിവുണ്ടായിട്ടല്ലെന്നും പൊതുസമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന പ്രസ്താവന അങ്ങേയറ്റം നിരാശാജനകമാക്കിയെന്നാണ് കുറിപ്പിൽ പറയുന്നത്. ആരെയും തങ്ങൾ അപമാനിച്ചിട്ടില്ലെന്നും അന്തസ്സോടെ ജീവിക്കുന്ന രണ്ട് മനുഷ്യരാണ് തങ്ങൾ എന്നും ഇവർ പറയുന്നു. തങ്ങൾക്കൊപ്പം നിന്ന് സംസാരിച്ച എല്ലാവർക്കും നന്ദിയെന്നും നിങ്ങളുടെ പിന്തുണ ശക്തി നൽകിയെന്നും ഇവർ പറയുന്നു.