Priyadarshan Movie Song : ഈ പാട്ടിനൊരു ജിബ്രിഷ് വേണം, പ്രിയദർശൻ എഴുതി ഹിറ്റാക്കിയ ചന്ദ്രലേഖയിലെ കള്ളവാക്കു ചേർന്ന പാട്ട്
Gibberish lyrics written by director Priyadarshan: അന്തം വിട്ടുനിന്ന ഗിരീഷിനു മുന്നിൽ വച്ച് അപ്പോൾ പ്രിയൻ തയ്യാറാക്കിയ വരികളാണ് കൊന്നരി കൊന്നരി കോനാരി, കത്തിനക്കിനി നാച്ചിരേ....ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ... എന്നത്. ആ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഈ വായ്ത്താരി ഭാഗം ഇന്നും പലരും കരുതിയിരിക്കുന്നത് ഏതോ ഭാഷയിലെ നാടോടിപ്പാട്ടാണ് എന്നാണ്.

ഓരോ സിനിമയ്ക്കും പിന്നിൽ ഒരുപാട് കഥകളുണ്ട്. സിനിമ ഗാനങ്ങൾക്ക് പിന്നിലും അങ്ങനെ തന്നെ. സിനിമയിലെ ഗാനങ്ങൾക്ക് സിനിമയേക്കാൾ പ്രാധാന്യം നൽകിയിരുന്നു ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. ആ കാലത്തിന്റെ നിർമ്മിതികളാണ് തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും എല്ലാം. ചന്ദ്രലേഖയിലെ പാട്ടുകളെല്ലാം ഹിറ്റുകൾ ആയിരുന്നു എന്ന് മാത്രമല്ല ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്നതും കൂടിയാണ്. ഈ പാട്ടുകൾ പിറന്ന വഴിയെ പറ്റി ബേണി ഇഗ്നേഷ്യസിലെ ബേണി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വിശദീകരിക്കുന്നുണ്ട്.
ഓരോ പാട്ടും ബാലികേറാമല
പാട്ടുണ്ടാക്കുന്നതിന്റെ ഭാഗമായി എം ജി ശ്രീകുമാറും ബേണിയും ഇഗ്നേഷ്യസും ഗിരീഷ് പുത്തഞ്ചേരിയും എല്ലാം ഒരിടത്താണ് കഴിഞ്ഞിരുന്നത്. പ്രിയദർശന് വളരെ സിമ്പിൾ ആയ മനോഹരമായ പാട്ടുകളായിരുന്നു വേണ്ടിയിരുന്നത്. വരികൾ തയ്യാറാകുമ്പോൾ ഈണം പോരാ ഈണം നന്നാകുമ്പോൾ അതിനനുസരിച്ചുള്ള വരി കിട്ടുന്നില്ല. ഏറെ ബുദ്ധിമുട്ടി ഒരു വരി തയ്യാറാക്കി പ്രിയനേ കേൾപ്പിച്ചാൽ ആദ്യം അത് അംഗീകരിച്ചാലും പിന്നെ അത് മാറ്റേണ്ടിവരും. ഇങ്ങനെ നീണ്ടു നീണ്ടുപോകുന്ന പാട്ട് ചർച്ചകൾക്കിടയിൽ ഒരു നാടൻ പാട്ടിന്റെ പുസ്തകം നോക്കി വെറുതെ പാടിയതാണ് ഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ട്.
ഒന്നാംവട്ടം കണ്ടപ്പോൾ എന്ന് പറഞ്ഞപ്പോൾ അതിന്റെ ബാക്കിയായി ഗിരീഷ് പുത്തഞ്ചേരി പൂരിപ്പിച്ചതാണ് പെണ്ണിന് കിണ്ടാണ്ടം എന്നത്. പെട്ടെന്ന് തന്നെ വരികൾ തയ്യാറായി പ്രിയദർശനെ പാടിക്കേപ്പിച്ചപ്പോൾ വളരെ സന്തോഷം. ഈ പാട്ടിന് വേണ്ട സാഹചര്യവും അദ്ദേഹം തയ്യാറാക്കി സിനിമയിൽ ചേർത്തു. എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ പ്രിയന് ഒരു ആഗ്രഹം ഇതിൽ ഒരു ജിബ്രിഷ് പാർട്ട് കൂടി വേണം. എന്നാൽ ജിബ്രിഷ് വരികൾ എഴുതാൻ എത്ര ശ്രമിച്ചിട്ടും ഗിരീഷ് പുത്തഞ്ചേരിക്ക് കഴിഞ്ഞില്ല.
ജിബ്രിഷ് എന്നുവച്ചാൽ അർത്ഥമില്ലാത്ത, ലോകത്ത് എവിടെയും ഇല്ലാത്ത ഭാഷയിലുള്ള കള്ള വാക്കുകൾ. ഒരു ഭാഷയിലും ഇല്ലാത്ത അത്തരം കള്ള വാക്ക് ചേർത്ത് വരികൾ എഴുതുക എങ്ങനെ എന്ന് അന്തം വിട്ടുനിന്ന ഗിരീഷിനു മുന്നിൽ വച്ച് അപ്പോൾ പ്രിയൻ തയ്യാറാക്കിയ വരികളാണ് കൊന്നരി കൊന്നരി കോനാരി, കത്തിനക്കിനി നാച്ചിരേ….ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ… എന്നത്. ആ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഈ വായ്ത്താരി ഭാഗം ഇന്നും പലരും കരുതിയിരിക്കുന്നത് ഏതോ ഭാഷയിലെ നാടോടിപ്പാട്ടാണ് എന്നാണ്.
എന്താണ് ജിബ്രിഷ്
ജിബ്രിഷ് എന്നാൽ കള്ള വാക്ക് എന്നാണ് അർത്ഥം. ആ വാക്കുകളോ വാക്യങ്ങളോ ഒരു ഭാഷയിലും ഇല്ല. വേണമെങ്കിൽ ഇതിനെ മലയാളത്തിലുള്ള വായ്ത്താരികളായ തെയ് തെയ്യാരോ, തിത്തിത്താരാ തിത്തിത്തൈ തുടങ്ങിയ പദങ്ങളോട് ഉപമിക്കാം.