Coolie Cast Remuneration: 15 മിനിറ്റിന് 20 കോടി? ‘കൂലി’യിലെ ആമിർ ഖാന്റെ പ്രതിഫലം പുറത്ത്
Coolie Cast Remuneration: മറ്റ് ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇപ്പോഴിതാ, 'കൂലി'യിലെ താരങ്ങളുടെ പ്രതിഫലമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

'കൂലി' പോസ്റ്റർ
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘കൂലി’ റിലീസിന് ഒരുങ്ങുകയാണ്. സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം വ്യാഴാഴ്ച (ഓഗസ്റ്റ് 14) തീയേറ്ററുകളിൽ എത്തും. മറ്റ് ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇപ്പോഴിതാ, ‘കൂലി’യിലെ താരങ്ങളുടെ പ്രതിഫലമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
‘കൂലി’ സിനിമയ്ക്കായി രജനികാന്ത് കൈപ്പറ്റിയ പ്രതിഫലം 200 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ ആമിർ ഖാന്റെ പ്രതിഫലം 20 കോടിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിനിമയിൽ താരത്തിന്റെ കഥാപാത്രം വെറും 15 മിനിറ്റ് മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ എന്നാണ് വിവരം. എന്നാൽ, ഇപ്പോഴിതാ ആമിർ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
‘കൂലി’ സിനിമയ്ക്കായി ആമിർ ഖാൻ ഒരു രൂപ പോലും പ്രതിഫലം കൈപറ്റിയിട്ടില്ലെന്നാണ് പുതിയ വിവരം. ആമിർ 20 കോടി വാങ്ങിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഥ പോലും കേൾക്കാതെയാണ് ആമിർ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളിയതെന്ന് ഓഡിയോ ലോഞ്ചിൽ അദ്ദേഹം തന്നെ പറഞ്ഞിരുന്നു. രജനികാന്തിന്റെ വലിയ ആരാധകനാണ് ആമിർ ഖാൻ.
‘കൂലിയുടെ അണിയറപ്രവർത്തകരോടും താരത്തിന് നല്ല അടുപ്പമുണ്ട്. കഥ പൂർണമായും കേൾക്കാതെയാണ് ചിത്രത്തിൽ അഭിനയിക്കാൻ ആമിർ സമ്മതം മൂളിയത്. ടീമിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹം സിനിമ ചെയ്തത്. അതിനായി പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല’ എന്നും ആമിർ ഖാന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ALSO READ: സിംഗപ്പൂരിലും ‘കൂലി’ തരംഗം; റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ
അതേസമയം, ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്ന നാഗാർജുനയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. അതുപോലെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യരാജിന് അഞ്ച് കോടിയും ഉപേന്ദ്രയ്ക്ക് നാല് കോടിയുമാണ് പ്രതിഫലം. ശ്രുതിഹാസൻ ‘കൂലി’ക്കായി വാങ്ങിയത് നാല് കോടിയാണ്.
അതേസമയം, സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. അദ്ദേഹം തന്നെ ഇക്കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച അനിരുദ്ധ് രവിചന്ദറിന്റെ പ്രതിഫലം 15 കോടിയാണെന്നാണ് വിവരം.