Deepika Padukone: ഷാരൂഖിനൊപ്പമുള്ള പോസ്റ്റിൽ കൽകി അണിയറപ്രവർത്തകൾക്ക് ‘കൊട്ട്’?; ദീപിക പദുക്കോണിൻ്റെ പോസ്റ്റ് വൈറൽ
Deepika Padukone Against Kalki: കൽകി അണിയറപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് ദീപിക പദുക്കോൺ. തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിമർശനം.

ദീപിക പദുക്കോൺ
ദീപിക പദുക്കോണിൻ്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് കൽകി അണിയറപ്രവർത്തർക്കുള്ള കൊട്ടെന്ന് സോഷ്യൽ മീഡിയ. ദീപികയുടെ നിബന്ധനകൾ കാരണം താരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്ന് മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനുള്ള പരോക്ഷവിമർശനമാണ് ദീപികയുടെ പുതിയ പോസ്റ്റെന്ന് ആരാധകർ പറയുന്നു.
ഷാരൂഖ് ഖാൻ്റെ കൈ പിടിച്ചുള്ള തൻ്റെ കയ്യുടെ ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘ഏകദേശം 18 വർഷങ്ങൾക്ക് മുൻപ്, ഓം ശാന്തി ഓം ഷൂട്ട് ചെയ്യുന്ന സമയത്ത് അദ്ദേഹം എന്നെ ആദ്യം പഠിപ്പിച്ച പാഠം, സിനിമയുടെ വിജയത്തെക്കാൾ സിനിമ നിർമ്മിക്കുന്നതിൻ്റെ അനുഭവവും ആർക്കൊപ്പം സിനിമ നിർമ്മിക്കുന്നു എന്നതും പ്രധാനമാണെന്നാണ്’.- ദീപിക കുറിച്ചു.
ഇത് കൽകി നിർമാതാക്കളായ വൈജയന്തി മൂവീസിൻ്റെ പോസ്റ്റിനുള്ള മറുപടിയാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. കൽകി സിനിമയ്ക്ക് ഉയർന്ന അളവിലുള്ള സമർപ്പണം വേണമെന്നും ശ്രദ്ധാപൂർവമായ പരിഗണനയ്ക്ക് ശേഷം ദീപികയുമായി വേർപിരിയുകയാണെന്നും വൈജയന്തി മൂവീസ് അറിയിച്ചിരുന്നു.
ദീപിക തൻ്റെ ശമ്പളത്തിൽ 25 ശതമാനം വർധന ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇത് നായകനായ പ്രഭാസിൻ്റെ ശമ്പളത്തെക്കാൾ അധികമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ കിംഗിൽ താൻ ജോയിൻ ചെയ്തിരിക്കുകയാണ് എന്നും ദീപികയുടെ പോസ്റ്റ് സൂചിപ്പിക്കുന്നു. സുഹാന ഖാൻ, ജാക്കി ഷ്റോഫ്, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.
നാഗ് അശ്വിൻ്റെ സംവിധാനത്തിൽ പ്രഭാസ് നായകനായ സിനിമയിലെ നായികയായിരുന്നു ദീപിക പദുക്കോൺ. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പട്ടാണി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം 600 കോടി ബജറ്റിലാണ് അണിയിച്ചൊരുക്കിയത്. സിനിമ തീയറ്ററുകളിൽ നിന്ന് 1000 കോടി രൂപയിലധികം നേടി.
ദീപികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്