Dhyan Sreenivasan: ‘അന്നത്തെ പ്രമുഖ നടന്റെ പ്രശ്നം ഞാനാണ് ഒതുക്കിത്തീർത്തത്; ഇല്ലെങ്കിൽ ലിസ്റ്റിൻ തീർന്നേനെ’; ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan on Listin Stephen’s Controversy: ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പലരും ശ്രദ്ധിക്കാതെ പോയൊരു ഭാഗമാണ് ചിലർ ഇപ്പോൾ കമന്റ്ബോക്സിലൂടെ ഉയർത്തികാണിച്ചത്.
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് ആരോപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയത് നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നടന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു പരാമർശം. ഇനിയും ആ തെറ്റ് ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ പൊതുവേദിയിൽ വെച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണിയുടെ സ്വരം നീളുന്നത് നടൻ നിവിൻ പോളിയിലേക്കാണെന്ന തരത്തിലുള്ള പ്രചാരണവും ഉണ്ടായി. പിന്നീട് നിവിന്‍ നടത്തിയ ഒരു പ്രസംഗം ലിസ്റ്റിനുള്ള മറുപടിയായും വിലയിരുത്തപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ലിസ്റ്റിന്‍ പറഞ്ഞത് തന്നെ കുറിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ധ്യാന്‍ ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. ആ പ്രമുഖ നടന്‍ താനാണെന്നും, ലിസ്റ്റിന്‍ എന്ന നിര്‍മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ് ഇതെല്ലാമെന്നും ധ്യാൻ തമാശ രൂപേണ പറഞ്ഞിരുന്നു. ഇപ്പോഴിതാ, വീണ്ടും ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രമായ ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പലരും ശ്രദ്ധിക്കാതെ പോയൊരു ഭാഗമാണ് ചിലർ ഇപ്പോൾ കമന്റ്ബോക്സിലൂടെ ഉയർത്തികാണിച്ചത്.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ അവതാരകൻ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി സിനിമയിൽ രണ്ട് ഗംഭീര പാട്ടുകൾ ഉണ്ടെന്ന് പറഞ്ഞ ശേഷം നടി ഷീലു എബ്രഹാം പാട്ടുകളെ കുറിച്ചുള്ള അഭിപ്രായം ധ്യാനിനോട് ചോദിക്കുന്നുണ്ട്. പാട്ടുകൾ ശ്രദ്ധിച്ചില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി. ഇതുകേട്ട ഷീലു “അറ്റ്ലീസ്റ്റ് നല്ലതാണ് എന്നെങ്കിലും പറയണം, ലിസ്റ്റിൻ സ്റ്റീഫനെ കണ്ടുപഠിക്ക്, തള്ളി തള്ളി വിടണം. പുള്ളി തള്ളിയത് പോലെ ആരെങ്കിലും തള്ളിയിട്ടുണ്ടോ” എന്ന് പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ‘ലിസ്റ്റിന്റെ പ്രമുഖ നടന്റെ പ്രശ്നം ഒതുക്കി തീർത്തത് ഞാൻ ആണ്. ഇല്ലെങ്കിൽ അന്ന് തീർന്നേനെ” എന്ന് ധ്യാൻ പറയുന്നത്. നടൻ അനൂപ് മേനോൻ സംസാരിക്കുന്നതിനിടെ ഉണ്ടായ സംഭാഷണം ആയതുകൊണ്ടുതന്നെ പലരും ഈ ഭാഗം ശ്രദ്ധിച്ചില്ല. എന്നാൽ, ചിലർ ഇത് കമന്റ്ബോക്സിൽ ചൂണ്ടികാണിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.