Dhyan Sreenivasan: ‘ഈ വർഷം ഇനി സിനിമ ചെയ്യുന്നില്ല, സംവിധാനമാണ് ഉദ്ദേശം; ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan to Take a Break from Acting: കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും താൻ സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Dhyan Sreenivasan
ഈ വർഷം ഇനി സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും താൻ സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ പറഞ്ഞു. സിനിമാ അഭിനയത്തിൽ നിന്നും താത്‌കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയാണെന്നും നടൻ അറിയിച്ചു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.
“ഈ വർഷം ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം കഴിഞ്ഞ വർഷം തന്നെ ചിത്രീകരണം പൂർത്തിയായവയാണ്. ഇനി ഈ വർഷം സിനിമകൾ ഒന്നും ചെയ്യാതെ സംവിധാനത്തിലേക്ക് കടക്കാനാണ് ഉദ്ദേശം. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് നാൾ മാസങ്ങളായി. അതിൽ ‘തിര 2’വും മറ്റ് രണ്ട് കഥകളും ഉണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമാ അഭിനയം ഇപ്പോൾ ഉണ്ടാകില്ല. ഒരു ഇടവേള എടുത്തിരിക്കുകയാണ്” എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
പ്രേക്ഷക ശ്രദ്ധ നേടിയ ‘തിര’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും അഭിമുഖത്തിൽ ധ്യാൻ സംസാരിച്ചു. 2013ൽ ചിത്രീകരിച്ച ‘തിര’യുടെ കാൻവാസ് വളരെ വലുതായിരുന്നു എന്ന് ധ്യാൻ പറയുന്നു. നാലഞ്ച് സ്റ്റേജുകളിൽ പോയി ഷൂട്ട് ചെയ്തു. മറ്റ് ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്നു. അന്ന് കാലത്തിന് മുൻപ് വന്ന സിനിമയായാണ് പ്രേക്ഷകർക്ക് തോന്നിയത്. ഇന്ന് നമ്മൾ എല്ലാത്തരം സിനിമകളും സ്വീകരിക്കുന്നുണ്ടെന്നും ഇപ്പോൾ തിരയ്ക്ക് പ്രസക്തി ഉണ്ടെന്നാണ് തോന്നുന്നതെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ALSO READ: ‘ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്നെ അത് സാരമായി ബാധിച്ചു’; ഷെയ്ൻ നിഗം
‘തിര’ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉള്ളതുകൊണ്ട് തന്നെ രണ്ടാം ഭാഗം അതിനും മുകളിൽ നിൽക്കണമെന്നും നടൻ പറയുന്നു. രണ്ടാം ഭാഗം എഴുതുന്നതും ചിന്തിക്കുന്നതുമെല്ലാം വലിയ സ്കെയിലിലാണ്. അതുകൊണ്ട് അതിന്റെതായ സമയം എടുത്ത് മാത്രം പ്രീ പ്രൊഡക്ഷനും മറ്റും ചെയ്യാൻ സാധിക്കൂ. വലിയ ബജറ്റ് വരുന്ന ചിത്രമായിരിക്കും ‘തിര 2’ എന്നും ധ്യാൻ പറഞ്ഞു.