Shane Nigam: ‘ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്നെ അത് സാരമായി ബാധിച്ചു’; ഷെയ്ൻ നിഗം
Shane Nigam Major Setback in His Career: ഡിമൽ ഡെന്നിസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വലിയ പെരുന്നാൾ' എന്ന ചിത്രം വൻ പരിചയമായിരുന്നു. ഇത് തന്നെ സാരമായി ബാധിച്ചുവെന്ന് പറയുകയാണ് ഷെയ്ൻ നിഗം.
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷെയ്ൻ നിഗം. ഡിമൽ ഡെന്നിസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വലിയ പെരുന്നാൾ’ എന്ന ചിത്രം വൻ പരിചയമായിരുന്നു. ഇത് തന്നെ സാരമായി ബാധിച്ചുവെന്ന് പറയുകയാണ് ഷെയ്ൻ നിഗം. തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രമെന്നും നടൻ പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മനസുതുറന്നത്.
വലിയ പെരുന്നാളിന്റെ പരാജയമാണ് തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടമെന്നും താനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണ് ആ സിനിമ റിലീസാകുന്നതെന്നും ഷെയ്ൻ നിഗം പറയുന്നു. ആ പരാജയം തന്നെ സാരമായി ബാധിച്ചിരുന്നു. അതിന് പിന്നാലെ കോവിഡും വന്നു. ഇതോടെ എല്ലാവർക്കും ഒരു ബ്രേക്ക് കിട്ടി. അതിന് ശേഷം തനിക്ക് അതിൽ നിന്നും പുറത്തുവരാനും തിരിച്ചുവരവ് നടത്താനും സാധിച്ചു. അതിൽ നിന്നും താൻ പുറത്തുവന്നെങ്കിലും ആ ദിവസം ഒരിക്കലും മറക്കാനാകില്ലെന്ന് ഷൈൻ പറയുന്നു.
താൻ ശരിക്കും ആളുകളെ കണ്ടുമുട്ടിയത് ആ സമയത്താണെന്നും നടൻ പറയുന്നു. കോളേജ് കാലത്തൊന്നും തനിക്ക് സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചോ അവർ ജീവിതത്തിൽ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ചോ അറിവില്ലായിരുന്നു. ‘വലിയ പെരുന്നാൾ’ ചെയ്യുന്ന സമയത്ത് ശരിക്കും ജയിലിൽ പോയിട്ടുള്ളവരുമായി വർക്ക് ചെയ്യാൻ സാധിച്ചു. ജീവിതം എന്താണെന്ന് കണ്ടു. കോളേജിൽ നിന്നും നേടിയതിനേക്കാൾ കൂടുതലായിരുന്നു അതെന്നും ഷൈൻ നിഗം കൂട്ടിച്ചേർത്തു.
ആ സിനിമയിലൂടെ ആളുകളെ കണ്ടുമുട്ടാനും മനുഷ്യ വികാരങ്ങളെ മനസിലാക്കാനും സാധിച്ചു. തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താനൊരു ‘അമ്മ കുട്ടി’ ആയിരുന്നുവെന്നും എന്നാൽ, ആ അനുഭവങ്ങൾ തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും താനൊരു മുതിർന്നയാളായി മാറുന്നത് അങ്ങനെ ആണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
2019 ഡിസംബർ 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വലിയ പെരുന്നാൾ’. ഷെയ്‌നിന് പുറമെ ഹിമിക ബോസ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനായകൻ, ക്യാപ്റ്റൻ രാജു, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. എന്നാൽ, ബോക്സ് ഓഫീസിൽ ചിത്രം പരാചയപ്പെട്ടു. അതേസമയം, ‘ബാൾട്ടി’ ആണ് ഷെയ്‌നിന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. സെപ്റ്റംബർ 26നാണ് ചിത്രത്തിന്റെ റിലീസ്.