Fahadh Faasil: ‘കഷണ്ടിയുള്ള നടനാണ് ഫഹദ്, സിനിമയിൽ രൂപമൊന്നും ഒരു പ്രശ്നമല്ലാതായി’; സംവിധായകൻ വാസുദേവ് സനൽ
Vasudev Sanal on Fahadh Faasil’s Appearance: ഫഹദ് ഫാസിൽ ഒരു താരമെന്ന നിലയിലേക്ക് ഉയരുന്ന സമയത്താണ് 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന സിനിമ ചെയ്യുന്നതെന്ന് വാസുദേവ് സനൽ പറയുന്നു.

ഫഹദ് ഫാസിൽ, വാസുദേവ് സനൽ
2013ൽ ‘പ്ലെയേർസ്’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് വാസുദേവ് സനൽ. ജയസൂര്യ, കാവ്യാമാധവൻ, നിഷാന്ത് സാഗർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ, സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. തുടർന്ന്, 2014ലാണ് വാസുദേവ് സനൽ ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന സിനിമ സംവിധാനം ചെയ്തത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ . ഇപ്പോഴിതാ, ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഫഹദ് ഫാസിൽ ഒരു താരമെന്ന നിലയിലേക്ക് ഉയരുന്ന സമയത്താണ് ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമ ചെയ്യുന്നതെന്ന് വാസുദേവ് സനൽ പറയുന്നു. കഷണ്ടിയുള്ള ഒരു നടനാണ് ഫഹദ്. എന്നാൽ, സിനിമയിൽ രൂപമൊന്നും ഒരു പ്രശ്നമല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, നായക സങ്കൽപ്പങ്ങളെ നേരത്തെ തന്നെ പൊളിച്ചെഴുതിയ നടനാണ് ഭരത് ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വാസുദേവ് സനൽ.
‘ഫഹദ് ഫാസിൽ സ്റ്റാർഡത്തിലേക്ക് നീങ്ങുന്ന സമയത്താണ് ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്ന സിനിമ ചെയ്യുന്നത്. അന്നത്തെ പുതിയ ജനറേഷനിലെ അഭിനേതാക്കളെല്ലാം മികച്ചവരാണെന്ന് തെളിയിച്ച സമയമായിരുന്നു അത്. ഏത് കഥാപാത്രവും ഗംഭീരമായി ചെയ്യാൻ സാധിക്കുന്ന ഒരു അഭിനേതാവായിരുന്നു ഫഹദ്. അദ്ദേഹത്തിന്റേത് വേറെ തന്നെയൊരു ബോഡി ലൈനും റെന്ററിങ്ങുമായിരുന്നു.
സിനിമ മാറാൻ തുടങ്ങിയ സമയമായിരുന്നു അതെന്നും വേണമെങ്കിൽ പറയാം. പുതിയ ജനറേഷൻ വന്ന സമയമായിരുന്നില്ലേ. അപ്പോഴേക്കും, അഭിനയ രീതിയും ശബ്ദവും ശരീര പ്രകൃതവുമെല്ലാം വേറെയൊരു തിരുത്തലിന്റെ തലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. കാരണം, ഫഹദ് ഫാസിൽ കഷണ്ടിയുള്ള നടനാണ്. അയാൾ ഇതൊന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല. സിനിമയിൽ പിന്നീട് പതിയെ അതൊന്നും ഒരു പ്രശ്‌നമല്ലാതെയായി മാറി. രൂപം ഒരു പ്രശ്‌നമല്ലെന്ന രീതിയായി ഇപ്പോൾ.
പക്ഷെ സിനിമയിൽ അഭിനയിക്കാൻ രൂപം ഒരു പ്രശ്‌നമല്ലെന്ന് മുമ്പേ തന്നെ തെളിയിച്ച ഒരാളുണ്ട്. ആ നടനുമായാണ് ഞാൻ എപ്പോഴും താരതമ്യം ചെയ്യാറുള്ളത്. അത് ഭരത് ഗോപിയാണ്. മേക്കപ്പിലോ ഫിസിക്കിലോ ഒരു വ്യതിയാനവും വരുത്താതെയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. കൂടുതൽ മേക്കപ്പ് ഇട്ടുകൊണ്ടോ കോസ്റ്റിയൂം മാറ്റിക്കൊണ്ടോ അദ്ദേഹം സ്വയം മാറിയില്ല. അദ്ദേഹം കഴിഞ്ഞ സിനിമയിൽ ഏത് രീതിയിലാണോ വന്നത്, അതേ പോലെ തന്നെയാകും അടുത്ത സിനിമയിലും എത്തുന്നത്. പക്ഷെ രണ്ട് കഥാപാത്രങ്ങളും തമ്മിൽ വലിയ വ്യത്യാസമാകും” വാസുദേവ് സനൽ പറഞ്ഞു.