Diya Krishna Employee Fraud: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; 3 ജീവനക്കാരികൾക്ക് ഹാജരാകാൻ പോലീസ് നോട്ടീസ്
Diya Krishna Case Updates: ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ഉൾപ്പടെ ഇവർ പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ ഇന്ന് പോലീസ് വീണ്ടും ബാങ്കിൽ എത്തുമെന്നാണ് വിവരം. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പരിശോധന ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ്. ദിയ കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഇന്നലെ (ജൂൺ 10) ജീവനക്കാരികളുടെ മൊഴിയെടുക്കാൻ പോലീസ് രണ്ടു തവണ ഇവരുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. മൂവരും ഇന്നോ നാളെയോ ഹാജരാകും എന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.
മൂവരുടെയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ അന്വേഷിച്ചു വരികയാണ് പോലീസ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ഉൾപ്പടെ ഇവർ പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ ഇന്ന് പോലീസ് വീണ്ടും ബാങ്കിൽ എത്തുമെന്നാണ് വിവരം. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പരിശോധന ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയെന്ന ദിയയുടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുറത്ത് വന്നത്. ബലം പ്രയോഗിച്ചല്ല ജീവനക്കാരികളെ കാറിൽ കയറ്റിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിൽ തന്നെയാണ് ഇവരുടെ കാറിന് പിന്നാലെ പോകുന്നത്.
സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ചർച്ച വാക്കുതർക്കങ്ങളിലേക്കും ബഹളത്തിലേക്കും നീങ്ങിയതിന് പിന്നാലെ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. ഇതോടെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം ജീവനക്കാരികളായ രണ്ടും പേരും കാറിൽ കയറുന്നത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ജീവനക്കാരിൽ ഒരാൾ സ്വന്തം സ്കൂട്ടറിലാണ് ഇവരുടെ വാഹനത്തിന് പിന്നാലെ പോകുന്നത്. ഫ്ലാറ്റിൽ നിന്നും അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലേക്കാണ് ഇവർ നേരെ പോകുന്നത്. എന്നാൽ അവിടെ സിസിടിവി ഇല്ല.