Diya Krishna Case: ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ഹെൽമറ്റ് ധരിച്ച് രണ്ടുപ്രതികൾ കീഴടങ്ങി, ഒരാൾ ഒളിവിൽ
Diya Krishna Jewellery Fraud Case: തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് മറ്റ് രണ്ട് പ്രതികളും കീഴടങ്ങിയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് പ്രതികൾ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ടതുമുതൽ മൂവരും ഒളിവിലായിരുന്നു.
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതികളായ മുൻജീവനക്കാരിൽ രണ്ട് പേർ കീഴടങ്ങി. കേസിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് ഹാജരായത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ എത്രയും വേഗം ഹാജരാവാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപ്രതികളും കീഴടങ്ങിയിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരേയും അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. തിരുവനന്തപുരം ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് മറ്റ് രണ്ട് പ്രതികളും കീഴടങ്ങിയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് പ്രതികൾ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ടതുമുതൽ മൂവരും ഒളിവിലായിരുന്നു.
കഴിഞ്ഞ ഒരുവർഷത്തിനിടെ ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപയോളം അപഹരിച്ചെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരിൽ മ്യൂസിയം പോലീസ് കേസെടുത്തത്. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റിയാണ് മൂവരും തട്ടിപ്പുനടത്തിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്നതായിരുന്നു മൂവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
മൂവരും അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കസ്റ്റഡയിൽ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി ഉത്തരവിറക്കിയത്.