Viral News: എന്തിനാണ് ഗൂഗിളിലേക്ക് 200 ചെമ്മരിയാടുകൾ, സംഭവം ട്രെൻഡിംഗിൽ
റിപ്പോർട്ട് കണ്ട് നിരവധി പേരാണ് ആശ്ചര്യപ്പെട്ടത്, ഇതിന് പിന്നാലെ ഗൂഗിൾ തന്നെ ഇതിൽ വിശദീകരണം നൽകിയതോടെയാണ്, യാഥാർത്ഥ കാര്യം മനസ്സിലാവുന്നത്
ഗൂഗിൾ ആടുകളെ ജോലിക്കെടുക്കുന്നു, കേട്ടവർ പലരും ആശ്ചര്യപ്പെട്ടു. എന്തിനാണ് ലോകത്തിലെ തന്നെ ഒരു വമ്പൻ കമ്പനിക്ക് ആടുകൾ? ഒടുവിൽ ഗൂഗിൾ തന്നെ അതിനുള്ള ഉത്തരം നൽകി. ആടിനെ വാങ്ങിയത് മറ്റൊന്നിനുമല്ല, പുല്ല് തീറ്റിക്കാൻ, സംശയം അപ്പോഴും ആളുകൾക്ക് തീർന്നിരുന്നില്ല. സംഭവം മറ്റൊന്നുമല്ല, ഗൂഗിളിൻ്റെ കാലിഫോർണിയ മൗണ്ടൻ വ്യൂവിലുള്ള ആസ്ഥാനത്തെ പുൽത്തകിടി മെഷിൻ ഉപയോഗിച്ച് വെട്ടുന്നതിന് പകരം ആടുകളെ കൊണ്ട് തീറ്റിക്കുകയാണ് ഗൂഗിളിൻ്റെ ലക്ഷ്യം.
മെഷീൻ ഉപയോഗിച്ചുള്ള പുല്ല് വെട്ടലിന് പകരം പ്രകൃതിദത്തമായ മാർഗം. 200 ആടുകളെയാണ് ഇതിനായി ഗൂഗിൾ വാങ്ങിയത്. പുല്ല് വെട്ടാനുപയോഗിക്കുന്ന മെഷിൻ്റെ ശബ്ദവു, പെട്രോൾ ചിലവും, മലിനീകരണവും എല്ലാം കണക്കിലെടുത്താണ് ആടുകളെ വാടകക്ക് എടുത്തതെന്ന് ഗൂഗിളിൻ്റെ റിയൽ എസ്റ്റേറ്റ് വർക്ക്പ്ലേസ് സർവ്വീസ് ഡയറക്ടർ ഡാൻ ഹോഫ്മാൻ പറയുന്നു. വെറും ഒരാഴ്ച കൊണ്ടാണ് ആടുകൾ ജോലി പൂർത്തിയാക്കുന്നത്. കാര്യം പുല്ല് വെട്ട് മെഷീനേക്കാൾ ചിലവേറിയതാണെങ്കിലും ആട് പുല്ല് തിന്നുന്നത് കണ്ടിരിക്കാൻ തന്നെ രസമാണെന്നാണ് ഡാൻ ഹോഫ്മാൻ്റെ അഭിപ്രായം
എപ്പോഴുമല്ല
വസന്തകാലത്താണ് ഗൂഗിൾ ആസ്ഥനത്തെ പുൽത്തകിടികളിൽ ആടുകളെത്തുന്നത്. ഇതിനായി ആടുകളെ നൽകുന്നത് കാലിഫോർണിയ ഗ്രേസിംഗ് എന്ന കമ്പനിയാണ്. വേനലിന് മുന്നോടിയായി പുല്ല്, ചെടികൾ എന്നിവ നിറയാതിരിക്കാനും ഇതുവഴി തീ പിടുത്തം പോലുള്ളവയെ തടയാനുമാണ് ഇത്തരമൊരു മുൻകരുതൽ. എന്തായാലും ഇൻ്റർനെറ്റ് ഭീമൻ്റെ ഇത്തരമൊരു നടപടി സാമൂഹിക മാധ്യമങ്ങളിലും ട്രെൻഡിംഗാണ്.