Actress Priya Mohan: ‘വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ; എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി’; പ്രിയ മോഹൻ
Priya Mohan Reveals Abou Fibromyalgia: ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ അപൂർവ്വ രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ മോഹൻ. ഫൈബ്രോമയാൾജിയ എന്ന അപൂർവ്വ രോഗമാണ് നടിയെ ബാധിച്ചത്. ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്നതാണ് ഈ രോഗം. ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് പ്രിയയും ഭർത്താവ് നിഹാൽ പിള്ളയും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ലോകത്ത് ലക്ഷണക്കണക്കിന് സ്ത്രീകൾക്ക് ഈ അവസ്ഥയുണ്ടെന്നും എന്നാൽ ഇന്ത്യയിൽ അധികമാർക്കും ഈ അസുഖത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും വീഡിയോയിൽ പ്രിയ പറയുന്നു. ഈ രോഗത്തെ കുറച്ച് തങ്ങൾക്ക് അറിയാത്തത് കൊണ്ട് പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും പ്രിയ പറയുന്നുണ്ട്. രോഗാവസ്ഥയെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും പ്രിയയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.
തന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാൻ പോലും കൈ പൊങ്ങാത്ത അവസ്ഥയായിരുന്നു, കുട്ടിയെ എടുക്കാൻ പറ്റുന്നില്ല. ഒരൽപം പൊക്കമുള്ള വാഹനത്തിലേക്കു പോലും കാലെടുത്തു വച്ച് കയറാൻ പറ്റില്ല. കട്ടിലിൽ നിന്നും എഴുന്നേൽക്കണമെങ്കിൽ, വസ്ത്രം മാറണമെങ്കിൽ, ഒന്ന് പുറം ചൊറിയാൻ പോലും പരസഹായം വേണമെന്നാണ് നടി പറയുന്നത്. എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തന്നെ പലതവണ തനിക്ക് തോന്നിയെന്നും നടി പറയുന്നുണ്ട്.
കടുത്ത വിഷാദവും ഉറക്കമില്ലായ്മയും തന്നെ അലട്ടി. രാവിലെ ആറ് മണി വരെ ഉറങ്ങാതിരുന്നിട്ടുണ്ട്. വിദേശത്ത് ട്രിപ്പ് പോയപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത് എന്നാണ് നടി പറയുന്നത്. ഒരിക്കൽ ബാത്ത്റൂമിൽ വീണു. എന്നാൽ തനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ലെന്നും പിന്നെ പല തവണ ആളുകളുടെ മുന്നിൽ വച്ച് വീണിട്ടുണ്ടെന്നും നടി പറയുന്നു. ഇതു വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂവെന്നും പ്രിയ പറയുന്നു.90 ശതമാനവും ഈ രോഗം വരുന്നത് സ്ത്രീകൾക്കാണെന്നും അതും ചെറുപ്പക്കാരിയിലാണ് കൂടുതലായി കാണുന്നതെന്നും നടി പറയുന്നു.