Gouri G Kishan: ‘അൽഫോൺസ് പുത്രൻ്റെ പേരൊക്കെ പറഞ്ഞ് സിനിമക്കാർ തെറ്റിദ്ധരിപ്പിച്ചു’; ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് ഗൗരി ജി കിഷൻ
Gouri G Kishan - Margamkali Movie: മാർഗം കളി എന്ന സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് ഗൗരി ജി കിഷൻ. അൽഫോൺസ് പുത്രൻ്റെ പേരൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ഈ സിനിമയിൽ അഭിനയിപ്പിച്ചതെന്നും ഗൗരി ആരോപിച്ചു.
മാർഗം കളി എന്ന സിനിമയിൽ തന്നെ അഭിനയിപ്പിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് നടി ഗൗരി ജി കിഷൻ. അൽഫോൺസ് പുത്രനെപ്പോലെ വലിയ പേരുകൾ സിനിമയുമായി സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടാന് താൻ സിനിമയിൽ അഭിനയിക്കാൻ തയ്യാറായത്. എന്നാൽ, അൽഫോൺസ് പുത്രനുമായി അകന്ന ഒരു ബന്ധം മാത്രമേ സെറ്റിലെ ആർക്കോ ഉണ്ടായിരുന്നുള്ളൂ. ആ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും റെഡ് എഫിനോട് പ്രതികരിച്ചു.
Also Read: Bhavana: ‘അഭിനയത്തിലേക്ക് തിരിച്ചു വരണം എന്ന് ആലോചിച്ചിരുന്നില്ല; വരാൻ കാരണം ആ നടൻ’; ഭാവന
“ഞാനിത് ഭയങ്കര ഫ്രാങ്കായിട്ട് പറയുകയാണ്. ആ ഒരു ടീമിനെ ഹർട്ട് ചെയ്യാനോ അവരെ ഡിസ്റെസ്പെക്ട് ചെയ്യാനോ ഒന്നും അല്ല. പക്ഷേ, എൻ്റെ ഒരു അറിവില്ലായ്മ. ഞാൻ മിസ്ഗൈഡ് ചെയ്യപ്പെട്ടു എന്നെനിക്ക് തോന്നി. അനുഗ്രതീഹതൻ ആൻ്റണി ചെയ്തുകൊണ്ടിരുന്ന സമയത്ത് അതിൻ്റെ റിലീസ് കുറച്ച് ഡിലേ ആയിക്കൊണ്ടിരുന്നു. ആ സമയത്താണ് എനിക്ക് മാർഗം കളിയിലെ ചെറിയ ഒരു റോള് വന്നത്. അവര് പറഞ്ഞുവന്നത് വലിയ പേരുകളൊക്കെയാണ്. അൽഫോൺസ് പുത്രനെപ്പോലെ വലിയ പേരുകളൊക്കെയാണ് അവർ ഉപയോഗിച്ചത്. പ്രേമം കഴിഞ്ഞ് അൽഫോൺസ് പുത്രൻ എന്ന് കേട്ടപ്പോൾ ചെയ്തതാണ്. പക്ഷേ, വന്നപ്പഴാണ് മനസിലായത് അങ്ങനെ ഒരു ഡിസ്റ്റൻ്റ് റിലേഷൻ ആർക്കോ ആ സെറ്റിൽ ഉണ്ടായിരുന്നതല്ലാതെ വേറൊന്നുമില്ലായിരുന്നു എന്ന്. ആ റോൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിൽ ഒരു പാട്ടിൽ മാത്രമാണ്. ആർക്കും ഓർത്തിരിക്കാൻ പറ്റിയ കഥാപാത്രമല്ല. അന്നെനിക്ക് 19, 20 വയസേയുള്ളൂ. അത് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്. ഗൗരിയുടെ ആദ്യ പടം മാർഗം കളി എന്ന് പറയുമ്പോൾ അല്ല, അനുഗ്രഹീതൻ ആൻ്റണി ആണെന്ന് ഞാൻ പറയാറുണ്ട്. മാർഗം കളി കാമിയോ ആയിരുന്നു.”- ഗൗരി പ്രതികരിച്ചു.




ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ സിനിമയിൽ ബിബിൻ ജോർജ് ആയിരുന്നു നായകൻ. മമിതാ പ്രമോദ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. മിമിക്രി കലാകാരനായ ശശാങ്കൻ മയ്യനാടാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആൻ്റണിയും ചേർന്ന് നിർമ്മിച്ച സിനിമ ബോക്സോഫീസിൽ വിജയമായിരുന്നില്ല.
ജിയോഹോട്ട്സ്റ്റാറിൻ്റെ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസിലാണ് ഗൗരി അവസാനം അഭിനയിച്ചത്. നീരജ് മാധവ്, അജു വർഗീസ്, ആൻ സലീം തുടങ്ങിയവരാണ് സീരീസിൽ പ്രധാനവേഷങ്ങളിലെത്തിയ മറ്റ് താരങ്ങൾ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സീരീസ് നിർമ്മിച്ചത്.