Vedan: ‘പാണനല്ല, പുലയനല്ല നീ തമ്പുരാനുമല്ല; പാട്ടിലൂടെ പറയാം, അല്ലാതെ പറഞ്ഞാൽ അടിച്ചു കൊല്ലും’; വേടന്‍
Vedan Talks About Caste Violence: കേരളത്തില്‍ ജാതിയില്ലെന്നൊക്കെ പറയുന്നത് വലിയ കോമഡിയാണെന്ന് പറയുകയാണ് വേടൻ. ഇത്തരം കാര്യങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് പാട്ടിലൂടെ പറയുന്നതെന്നും അല്ലാതെ പറഞ്ഞു കഴിഞ്ഞാൽ നമ്മളെ അടിച്ചു കൊല്ലുമെന്നും വേടൻ പറയുന്നു.
മലയാളത്തിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട റാപ്പറാണ് ‘വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. ‘വോയിസ് ഓഫ് വോയ്സ്ലെസ്’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ പൊളിറ്റിക്കല്‍ റാപ്പര്‍ എന്ന ലേബലല്‍ വേടൻ സ്വന്തമാക്കി. ഇപ്പോഴിതാ, അടുത്തിടെ ഒരു അഭിമുഖത്തിൽ കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ച് വേടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പോപ്പര്‍സ്റ്റോപ്പ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കേരളത്തില്‍ ജാതിയില്ലെന്നൊക്കെ പറയുന്നത് വലിയ കോമഡിയാണെന്ന് പറയുകയാണ് വേടൻ. ഇത്തരം കാര്യങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് പാട്ടിലൂടെ പറയുന്നതെന്നും, അല്ലാതെ പറഞ്ഞു കഴിഞ്ഞാൽ നമ്മളെ അടിച്ചു കൊല്ലുമെന്നും വേടൻ പറയുന്നു. ഇന്ത്യയിലെ ജനങ്ങളിൽ വയലൻസ് അവരുടെ വേരുകളിൽ ഉള്ളതാണെന്നും, രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണെന്നും താരം കൂട്ടിച്ചേർത്തു.
“കേരളത്തിലെ 70 ശതമാനം പട്ടികജാതിക്കാര്‍ താമസിക്കുന്ന ഒരു കോളനിയില്‍ നിന്നുമാണ് ഞാൻ വരുന്നത്. വയലൻസൊക്കെ നമ്മൾ എല്ലാ ദിവസവും കാണുന്നതാണ്. രാവിലെ എഴുനേൽക്കുന്നതും രാത്രി ഉറങ്ങാൻപോകുന്നതുമൊക്കെ ഇതെല്ലാം കണ്ടിട്ടായിരിക്കും. അതൊക്കെ ഞങ്ങൾക്കിപ്പോൾ നോർമലായി. ഇന്ത്യയിലെ ഭൂരിഭാഗം ആൾക്കാരും ഇങ്ങനെയാണ് ജീവിക്കുന്നത്, ഗാർഹികപീഡനം അനുഭവിച്ച് കിടന്നുറങ്ങുന്നു. രാജ്യത്തെ ജനങ്ങളിൽ വയലൻസ് വേരിൽ തന്നെയുള്ള കാര്യമാണ്. ഇതൊക്കെ എല്ലാ ദിവസവും കാണുന്ന ആളാണ് ഞാൻ.
മാധ്യമങ്ങൾ ഇന്ത്യയെ കുറിച്ചോ കേരളത്തെ കുറിച്ചോ മറ്റും കാണിക്കുമ്പോള്‍ ഒരിക്കലും കാണിക്കാത്ത ഒരു സ്ഥലത്താണ് ഞാൻ ജീവിക്കുന്നത്. ഈ പറമ്പില്‍ നിങ്ങള്‍ ഇരിക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നവർ ഇപ്പോഴുമുണ്ട്. ‘ഞാന്‍ പാണനല്ല, പുലയനല്ല നീ തമ്പുരാനുമല്ല…’ ഇതൊക്കെ പാട്ടിലൂടെയേ നമുക്ക് പറയാൻ കഴിയൂ. പുറത്തുപോയി പറഞ്ഞാൽ നമ്മളെ അടിച്ചു കൊല്ലും.
സത്യമായിട്ടും ഇതെല്ലം ഇപ്പോഴും ഉണ്ട്. അത് ഇല്ലാത്ത ഒരു കാലമാണെങ്കിൽ പിന്നെ നമുക്ക് അതേക്കുറിച്ച് എഴുതുകയും പാടുകയും ഒന്നും ചെയ്യണ്ട ആവശ്യമില്ലലോ. ഉള്ളതുകൊണ്ടാണ് എഴുതുന്നതും പാടുന്നതും. കേരളത്തില്‍ ജാതി അസമത്വമില്ലെന്ന് പറയുന്നവരാണ് മിക്കവരും. എന്നാൽ, എറണാകുളം സിറ്റിയിൽ തന്നെ ഓരോ അരക്കിലോമീറ്ററിലും ജാതി മാട്രിമോണി കാണാം.
ജാതിക്കൊലപാതകത്തിന്റെ വാര്‍ത്ത കഴിഞ്ഞിട്ട് വരുന്ന പരസ്യം നായര്‍ മാട്രിമോണിയുടേതാണ്. ഇവിടെ ജാതിയില്ലെന്നൊക്കെ പറയുന്നത് കോമഡിയാണ്. അത് ഉള്ളിടത്തോളം കാലം അതിനെ കുറിച്ച് സംസാരിക്കുകയെന്നതാണ് നമ്മുടെ പണി. ഭീഷണികളൊക്കെ എപ്പോഴും ഉണ്ടാകാറുണ്ട്. അതൊക്കെ നല്ലതാണ്. അതെല്ലാം ഞാന്‍ എന്റര്‍ടൈന്‍ ചെയ്യാന്‍ തുടങ്ങി.” വേടന്‍ പറഞ്ഞു.