Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു
Hema Committee Report investigations: ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കുശേഷം അതിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി പേർ പരാതികളുമായി രംഗത്തെത്തിയിരുന്നു.

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം പ്രത്യേക അന്വേഷണ സംഘം (SIT) അവസാനിപ്പിച്ചു. 34 കേസുകളിലെയും നടപടികൾ പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം അവസാനിപ്പിക്കാൻ കാരണം
SIT-ക്ക് മുന്നിൽ മൊഴി നൽകാൻ അതിജീവിതർക്ക് സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകിയിരുന്നു. എന്നാൽ, ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ പലരും SIT അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരെയും മൊഴി നൽകാൻ SIT നിർബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകി.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ
- സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി SIT-യുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണം.
- സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ട നിയമം, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുത്.
- പുതിയ നിയമം നിലവിൽ വരുന്നതുവരെ കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടാകും.
- ഓഗസ്റ്റ് ആദ്യവാരം നടത്താൻ നിശ്ചയിച്ച സിനിമാ കോൺക്ലേവിന് ശേഷം നയം രൂപീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
നിർദ്ദിഷ്ട നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം അറിയിക്കണമെന്ന് ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കുശേഷം അതിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി പേർ പരാതികളുമായി രംഗത്തെത്തിയിരുന്നു. ചില മൊഴികൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ പരാതികൾ വർധിച്ചതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.