Malayalam Cinema : ഹേമ കമ്മിറ്റിയിൽ തട്ടി മലയാള സിനിമ ബിസിനെസ് താഴേക്ക്; ഓണം റിലീസുകളിൽ പ്രതീക്ഷ പാളുമോ?
Hema Committee Report And Malayalam Movie Business Crisis : ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യം പ്രതിസന്ധിയിൽ ആയിരിക്കുന്നത് മലയാളം സിനിമ വ്യവസായമാണ്. പ്രധാനമായും സിനിമ വ്യവസായത്തിൻ്റെ ഒരറ്റത്തുള്ള തിയറ്റർ മേഖല.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലായള സിനിമ മേഖലയെ ഒന്നടങ്കം കീഴ്മേൽ മറിച്ചിരിക്കുകയാണ്. പ്രമുഖരായ നടന്‍മാരും സാങ്കേതിക പ്രവർത്തകരും പ്രതികൂട്ടിലാകുമ്പോൾ മറ്റൊരറ്റത്ത് ഇതിൻ്റെ പ്രതിസന്ധികൾ നേരിടുന്നത് സിനിമ പ്രൊഡക്ഷൻ, തിയറ്റർ മേഖലകളാണ്. വേനൽ അവധിക്ക് ശേഷം തിയറ്റർ-സിനിമ മേഖല ലക്ഷ്യമിടുന്നത് ഓണം റിലീസുകളെയാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടും അതെ തുടർന്നുണ്ടായ വിവാദങ്ങളും കോലാഹലങ്ങളും സിനിമ മേഖലയുടെയും തിയറ്റർ വ്യവസായത്തിൻ്റെയും പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ചർച്ചയാകുന്ന പ്രധാന പ്രശ്നങ്ങൾക്കിടെ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് ഉത്തരം കണ്ടെത്താൻ സാധിക്കാത്തതാണ് സിനിമ മേഖലയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നത്.
കോടികൾ വാരുന്ന ഓണക്കാലം
തിയറ്ററുകളിൽ നിന്നും കോടികൾ വാരിക്കൂട്ടിയ സീസണായിരുന്നു 2023ലെ ഓണക്കാലം. സൂപ്പർ സ്റ്റാർ പടങ്ങൾ ഒന്നിമില്ലാതിരുന്ന കഴിഞ്ഞ വർഷത്തെ ഓണം റിലീസുകളിൽ ആർഡിഎക്സ് എന്ന ചിത്രം തരംഗം സൃഷ്ടിക്കുകയും കേരള ബോക്സ്ഓഫീസിൽ നിന്നും മാത്ര 50 കോടിയിൽ അധികം കളക്ഷൻ നേടിയെടുക്കുകയും ചെയ്തു. ചിത്രത്തിൻ്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 85 കോടിയോളം രൂപയാണ്. 2022ലെ ഓണത്തിന് മികച്ച ചിത്രങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മോശമല്ലാത്ത കളക്ഷൻ ബോക്സ്ഓഫീസിൽ നിന്നും നേടിയിരുന്നു.
നടിയെ ആക്രമിച്ച്, അന്ന് തുടങ്ങിയ പ്രതിസന്ധി
2017ൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് മലയാള സിനിമ വ്യവസായത്തിൽ തുടർച്ചയായി ഏറ്റ കുറച്ചലുകൾ ഉണ്ടായത്. അതിന് മുമ്പ് മികച്ച ഉള്ളടക്കങ്ങൾ മുന്നോട്ട് വെക്കാനാകതെ പതറിയ മലയാള സിനിമ മാർക്കറ്റിനെ ദൃശ്യം, പുലിമുരുകൻ, ബാംഗ്ലൂർ ഡെയ്സ്, പ്രേമം പോലെയുള്ള ചിത്രങ്ങൾ പിടിച്ചു നിർത്തി. എന്നാൽ നടിയെ ആക്രമിച്ച സംഭവം മലയാളം സിനിമയെ പ്രതികൂട്ടിലാക്കുകയും വ്യവസായം താഴേക്ക് കൂപ്പുകുത്തുകയും ചെയ്തു. ആ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഒട്ടനവധി സിനിമകളുടെ തിയറ്ററിലെ പ്രകടനം താഴേക്ക് പോയി. എന്നിരുന്നാലും വിവാദ സംഭവത്തിൽ പ്രതിപ്പട്ടികയിൽ ഉള്ള ദിലീപിൻ്റെ ചിത്രം രാമലീല ആ വർഷത്തെ മികച്ച കളക്ഷൻ നേടിയെടുത്തൂ.
ALSO READ : Nikhila Vimal: ‘സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല;കൂട്ടരാജി ശരിയായില്ല’ ;നിഖില വിമൽ
2018ലെ വെള്ളപ്പൊക്കം, പിന്നാലെ എത്തിയ കോവിഡ് ഇങ്ങനെ എല്ലാമെല്ലാമായി മലയാള സിനിമ വ്യവസായം പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കോവിഡിന് മുമ്പുള്ള പ്രതിസന്ധിക്കിടെ പിടിവള്ളിയായത് മോഹൻലാലിൻ്റെ ലേബിലെത്തിയ ലൂസിഫർ, കായംകുളം കൊച്ചുണ്ണി പോലെയുള്ള ചിത്രങ്ങളായിരുന്നു. കോവിഡിനെ തുടർന്ന് തിയറ്റർ വ്യവസായ മാത്രമല്ല സിനിമ മേഖല ഒന്നടങ്കം പ്രതിസന്ധിയിലായി. വിവാദങ്ങൾ എല്ലാം മറന്ന് കോവിഡിന് ശേഷം മലയാള സിനിമ മെല്ലെ കരകയറിയെന്ന് പറയാം. 2022 മുതൽ മോശമല്ലാത്ത കുറെ ചിത്രങ്ങൾ സിനിമ വ്യവസായത്തിന് പുത്തൻ ഉണർവ്വ് നൽകി. അവസാനം 2018 എന്ന ചിത്രം അന്ന് ഏറ്റവും വലിയ കളക്ഷൻ നേടിയ മലയാളം സിനിമയായി.
അടിച്ച് കേറി വന്ന 2024
ഈ വർഷം 2024ൽ ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ മേഖലകളിൽ ഒന്നാണ് മലയാളം ഇൻഡസ്ട്രി. ആദ്യപാദത്തിൽ തന്നെ മലയാളം സിനിമകൾ നേടിയത് ആയിരം കോടിയിൽ അധികം കളക്ഷനായിരുന്നു. കോടികൾ വാരുന്ന സാക്ഷാൽ ബോളിവുഡും ടോളിവുഡും മലയാള സിനിമയുടെ ഉള്ളടക്കവും ബോക്സ്ഓഫീസ് പ്രകടനവും കണ്ട് ഞെട്ടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം പോലെയുള്ള മലയാള സിനിമകൾ മറ്റ് ഇൻഡസ്ട്രികളിൽ കയറി തരംഗം സൃഷ്ടിക്കുകയും ചെയ്തു. മഞ്ഞുമ്മൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റുമായി. ഈ നേട്ടങ്ങളിലുള്ള പ്രതീക്ഷയായിരുന്നു മലയാളം സിനിമയ്ക്ക് വരാൻ പോകുന്ന ഓണം സീസണിനെ കുറിച്ചുണ്ടായിരുന്നത്.
പ്രതീക്ഷ അസ്ഥാനത്താക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ WCCയുടെ നാലര വർഷത്തെ പ്രയത്നവും കാത്തിരിപ്പുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്വകാര്യതയെ മാനിച്ച് ഇരകളുടെയും വേട്ടക്കാരുടെയും പേരുകൾ ഒഴുവാക്കികൊണ്ട് പുറത്തിറക്കി റിപ്പോർട്ട് മലയാള സിനിമയെ ഒന്നടങ്കം കീഴ്മേൽ മറിച്ചു. സിനിമ താരങ്ങളുടെ സംഘടനയായ അമ്മയും മറ്റ് സംഘടനകളും പ്രതികൂട്ടിലായപ്പോൾ തിയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച താരരാജാക്കന്മാർ പോലും മൗനതയിലായി. ചരിത്രവും വിവാദവും സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ മലയാള സിനിമ വ്യവസായത്തിൻ്റെ മുമ്പിൽ വലിയ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് റിലീസായ രണ്ട് ചിത്രങ്ങളാണ് വാഴയും നുണക്കുഴിയും. ഒന്ന് സോഷ്യൽ മീഡിയ താരങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ചിത്രവും രണ്ടാമത് കുടുംബ പ്രേക്ഷകർക്കിടിയിൽ ഒരു മാർക്കറ്റായി മാറിയ ബേസിൽ ജോസഫിൻ്റെയും ജീത്തു ജോസഫിൻ്റെയും ചിത്രം. മികച്ച റിപ്പോർട്ടുകൾ നേടിയെടുത്തെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ബോക്സ്ഓഫീസ് മികവ് തുടരാൻ ഈ ചിത്രങ്ങൾക്കായില്ല. ഈ ചിത്രങ്ങളുടെ ഷോകളുടെ എണ്ണം റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ 50 ശതമാനത്തിലും താഴേക്ക് പോയിയെന്നാണ് ബോക്സഓഫീസ് കണക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ ഭീതിയാണ് ഓണം ലക്ഷ്യമാക്കി വരുന്ന റിലീസുകൾക്കുമുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം നിലവിൽ നാല് ഓണം റിലീസുകളാണുള്ളത്. ടൊവീനോ തോമസ് നായകനായി വരുന്ന പീരിഡ് ഡ്രാമ ചിത്രം അജയൻ്റെ രണ്ടാം മോഷണം (എആർഎം), ആൻ്റണി വർഗീസ് പെപ്പെയുടെ അക്ഷൻ ത്രില്ലർ ചിത്രം കൊണ്ടൽ, ആസിഫ് അലിയുടെ കിഷ്കിന്ധ കാണ്ഡം, ജോജു ജോർജിൻ്റെ പണി, ഒമർ ലുലു ഒരുക്കുന്ന ബാഡ് ബോയ്സ് എന്നി ചിത്രങ്ങളാണ്. ഇവയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളായ വിജയിയുടെ ഗോട്ട് (സെപ്റ്റംബർ അഞ്ച്), ദുൽഖർ സൽമാൻ്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ (സെപ്റ്റംബർ ഏഴ്) ഒരാഴ്ച മുമ്പെ കേരളത്തിലെ ഓണം മാർക്കറ്റ് ലക്ഷ്യമാക്കി എത്തുന്നുണ്ട്. ടൊവീനോ ചിത്രത്തിൻ്റെ പ്രൊമോഷൻ തുടങ്ങിയ വേളയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് അലയടിച്ചെത്തിയതെന്ന് ഓർക്കേണ്ടതാണ്.
സിനിമക്കാർക്ക് ഇപ്പോൾ ഹേമ കമ്മിറ്റി പേടി
ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിൽ ബാധിച്ചിരിക്കുന്നത് ഈ സിനിമകളുടെ പ്രൊമോഷൻ പരിപാടികളെയാണ്. വാർത്തസമ്മേളനം, മാധ്യമങ്ങൾക്ക് നൽകുന്ന പ്രത്യേക അഭിമുഖങ്ങൾ തുടങ്ങിയ ഓൺലൈൻ പ്രൊമോഷനുകളിൽ അണിയറപ്രവർത്തകർ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യങ്ങളാകും. റിപ്പോർട്ടിന് കുറിച്ച് ചോദിക്കരുതെന്ന് എന്നുള്ള വിലക്ക് എത്രത്തോളം സാധ്യമാകുമെന്ന് പറയാൻ സാധിക്കില്ല. ഇനി ചോദ്യങ്ങൾക്ക് എത്രത്തോളം സമദൂരമായിട്ടുള്ള മറുപടി നൽകിയാലും അത് സിനിമ താരങ്ങൾക്കിടയിലുള്ള ചേരിതിരിവിന് വഴിവെച്ചേക്കും. അല്ലാത്തപക്ഷം അണിയറപ്രവർത്തകർക്ക് മറ്റെന്തങ്കിലും തരത്തിലുള്ള പ്രചാരണം കണ്ടെത്തേണ്ടിയിരിക്കുന്നു.