Ilayaraja: ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയ്‌ക്കെതിരെ ഇളയരാജ ഹൈക്കോടതിയിൽ; 5 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം, ഹർജി തിങ്കളാഴ്ച പരിഗണിക്കും
Ilaiyaraaja Files Petition Against 'Good Bad Ugly': അനുമതിയില്ലാതെയാണ് തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹർജി നൽകിയത്.
ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയ്ക്ക് എതിരെ ഹർജി നൽകി സംഗീത സംവിധായകൻ ഇളയരാജ. അനുമതിയില്ലാതെയാണ് തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹർജി നൽകിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഹർജി സെപ്റ്റംബർ 8ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് നിർമാതാക്കളുടെ വാദം.
ഏപ്രിൽ പത്തിനാണ് ‘ഗുഡ് ബാഡ് അഗ്ലി’ റിലീസായത്. ഏപ്രിൽ 15ന് തന്നെ സിനിമയ്‌ക്കെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ച് എന്നതായിരുന്നു പരാതി. നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ നൽകണം എന്നും ഏഴ് ദിവസത്തിനുള്ളിൽ ഗാനങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണം എന്നുമായിരുന്നു ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇതിന് മുൻപും പല സിനിമാക്കാർക്കും തന്റെ ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
ALSO READ: ‘ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്’; ദീപക് ദേവ്
‘ഗുഡ് ബാഡ് അഗ്ലി’ റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കകം തന്നെ ബോക്സ് ഓഫീസിൽ 100 കോടി രൂപയോളം നേടിയിരുന്നു. മാസ് ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അജിത് കുമാറിന് പുറമെ, സുനിൽ, ഷൈൻ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ തുടങ്ങി വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്. പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സും, ടി സീരീസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീത സംവിധാനം നിർവഹിച്ചത് ജി വി പ്രകാശ് കുമാറാണ്.