‘ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത ഒരു അഭിനേതാവ്’; ജോജുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍
Director Sanal Kumar Sasidharan Against Joju George: സിനിമയിൽ തെറിവിളിച്ചതിൽ പശ്ചാത്തപിക്കുന്ന ഇയാൾ ജീവിതത്തിൽ ഒരു കാര്യവുമില്ലാതെ തന്നെ വിളിച്ച തെറി താൻ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും അത്രയും ചീഞ്ഞ വാക്കുകളൊന്നും അയാൾ ചെയ്ത കഥാപാത്രം പറയുന്നില്ലെന്നാണ് സനൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. നടൻ ജോജു ജോർജിനെതിരെയാണ് സനൽകുമാറിന്റെ പ്രതികരണം. നിലനിൽപിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത ഒരു അഭിനേതാവാണ് ജോജുവെന്നാണ് സനൽ പറയുന്നത്. സിനിമയിൽ തെറിവിളിച്ചതിൽ പശ്ചാത്തപിക്കുന്ന ഇയാൾ ജീവിതത്തിൽ ഒരു കാര്യവുമില്ലാതെ തന്നെ വിളിച്ച തെറി താൻ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും അത്രയും ചീഞ്ഞ വാക്കുകളൊന്നും അയാൾ ചെയ്ത കഥാപാത്രം പറയുന്നില്ലെന്നാണ് സനൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ട ലിജോ ഇയാൾ ഒരു പാവം ഉപകരണം മാത്രമാണ്. നിലനിൽപിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത ഒരു അഭിനേതാവ്. സിനിമയിൽ തെറിവിളിച്ചതിൽ പശ്ചാത്തപിക്കുന്ന ഇയാൾ ജീവിതത്തിൽ ഒരു കാര്യവുമില്ലാതെ എന്നെ വിളിച്ച തെറി ഞാൻ റെക്കോർഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. അത്രയും ചീഞ്ഞ വാക്കുകളൊന്നും അയാൾ ചെയ്ത കഥാപാത്രം പറയുന്നില്ല.
ഈ പാവം ചതിയൻ ഇപ്പോൾ ഇങ്ങനെയൊരു ഗുണ്ട് പൊട്ടിച്ചിരിക്കുന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ നിയന്ത്രിക്കുന്ന സോഷ്യൽ എഞ്ചിനീയറിങ്ങ് നടത്തുന്ന നുണ ഫാക്ടറിയുടെ താല്പര്യ പ്രകാരമാണ്. അതിന് കാരണം ലിജോയോ ചുരുളിയോ തെറിയോ അല്ല. മഞ്ജു വാര്യരെക്കുറിച്ചു ഞാൻ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം. ഇയാൾ ഇങ്ങനെ ഉപകരണം ആക്കപ്പെടുന്ന കാര്യം ഇയാൾ പോലും അറിയുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.
കഴിഞ്ഞ ദിവസമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ചിത്രത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്ത് എത്തിയത്. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നാണ് നടൻ പറഞ്ഞത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ സംഭവം വിവാദമായതോടെ പ്രതികരിച്ച് സംവിധായകൻ ലിജോയും രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. ജോജുവിന് ശമ്പളം നൽകിയെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ലിജോ ജോസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ശമ്പളം നൽകിയതിനുള്ള തെളിവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ഇതിനു പിന്നാലെ ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് ജോജു രംഗത്ത് എത്തിയിരുന്നു. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത് എന്നാണ് ജോജു പറയുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നുവെന്നും വാർത്ത സമ്മേളനത്തിൽ നടൻ പറഞ്ഞു.