‘JSK’ Controversy: സുരേഷ് ഗോപി ചിത്രം ജെഎസ്കെ കാണാൻ ഹൈകോടതി
'Janaki VS State of Kerala' Controversy: ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ചിത്രം കാണുമെന്ന് നിര്‍മാതാക്കളോട് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
തിരുവനന്തപുരം: സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജെഎസ്കെ–ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കാണാൻ ഒരുങ്ങി ഹൈക്കോടതി. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ചിത്രം കാണുമെന്ന് നിര്‍മാതാക്കളോട് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ചിത്രത്തിലെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് സിനിമ കാണാൻ ഹൈക്കോടതി തീരുമാനിച്ചത്.
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെയാണ് ഇത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചത്. ഇതിലായിരുന്നു ഇന്ന് ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. ചിത്രം കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാലാരിവട്ടത്തെ ലാല്‍ മീഡിയയിൽ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി.
Also Read: ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? പ്രതി അല്ലല്ലോയെന്ന് കോടതി, നീതി തേടുന്ന ഇരയെന്ന് നിർമാതാക്കൾ
അതേസമയം എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പേര് മത വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ഇതിന് സെൻസർ ബോർഡ് നൽകിയ മറുപടി. ഇതോടെ സിനിമാച്ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റീസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി അനുവദിക്കാന്‍ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.