Kaviyoor Ponnamma : കവിയൂർ പൊന്നമ്മ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥിച്ച് സിനിമാലോകം
Kaviyoor Ponnamma Health Update : മുതിർന്ന നടി കവിയൂർ പൊന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ കവിയൂർ പൊന്നമ്മ ഗുരുതരാവസ്ഥയിൽ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ താരം ചികിത്സയിലാണ്.
എറണാകുളം ലിസി ആശുപത്രിയിലാണ് കവിയൂർ പൊന്നമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയുടെ ആരോഗ്യവിവരങ്ങൾ കൈമാറാനാവില്ലെന്ന് ആശുപത്രി പിആർഒ പ്രതികരിച്ചു.
ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്.
Also Read : Shah Rukh Khan: ‘എന്റെ ഭർത്താവിന് നൽകിയ അവസാനവാക്ക് ഷാരൂഖ് പാലിക്കണം’; സഹായമഭ്യർഥിച്ച് നടി
അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ പ്രശസ്തയായത്. മോഹൻലാലിൻ്റെ അമ്മയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരിയെ അവതരിപ്പിച്ചാണ് പൊന്നമ്മ ആദ്യമായി ഒരു ക്യാരക്ടർ റോളിൽ അഭിനയിക്കുന്നത്. 1965ൽ, തൻ്റെ 20ആം വയസിൽ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. നാടക അഭിനേത്രി ആയിരുന്ന പൊന്നമ്മ നാല് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നാടകം, സിനിമ എന്നിവയ്ക്കൊപ്പം ചില ടെലിവിഷൻ സീരിയലുകളിലും പൊന്നമ്മ അഭിനയിച്ചു.
നടി എന്നതിനപ്പുറം ഗായിക കൂടിയായിരുന്ന പൊന്നമ്മ ചില സിനിമകളിൽ പശ്ചാത്തല സംഗീതം ആലപിച്ചിട്ടുണ്ട്. 14ആം വയസിലാണ് നാടകാഭിനയം തുടങ്ങിയത്. ടിപി ദാമോദരൻ, ഗൗരി ദമ്പതിമാരുടെ ഏഴ് മക്കളിൽ ഏറ്റവും മുതിർന്നയാളായി 1945 സെപ്തംബർ 10ന് തിരുവല്ല കവിയൂറിലാണ് പൊന്നമ്മ ജനിച്ചത്. 1969ൽ നിർമാതാവ് മണിസ്വാമിയെ വിവാഹം കഴിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ്. പൊന്നമ്മയുടെ ഭർത്താവ് മണിസ്വാമി 2011ൽ മരണപ്പെടുകയായിരുന്നു.