Sreenivasan: ‘അളിയനെ ബ്രൂണെ രാജാവിൻ്റെ സ്റ്റാഫാക്കാൻ അഞ്ച് ലക്ഷം രൂപ കളഞ്ഞു’; ശ്രീനിവാസൻ പറ്റിക്കപ്പെട്ട കഥ പറഞ്ഞ് ഗണേഷ് കുമാർ
Ganesh Kumar About Sreenivasan: അളിയനെ ബ്രൂണെ രാജാവിൻ്റെ സ്റ്റാഫാക്കാനായി ശ്രീനിവാസൻ അഞ്ച് ലക്ഷം രൂപ പാഴാക്കിയെന്ന് ഗണേഷ് കുമാർ. ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഗണേഷ് കുമാർ വെളിപ്പെടുത്തി.

ഗണേഷ് കുമാർ, ശ്രീനിവാസൻ
ഭാര്യാസഹോദരനും സംവിധായകനുമായ മോഹനനെ ബ്രൂണെ രാജാവിൻ്റെ സ്റ്റാഫാക്കാനായി ശ്രീനിവാസം അഞ്ച് ലക്ഷം രൂപ കളഞ്ഞു എന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാർ. ബുദ്ധിരാക്ഷസനൊക്കെ ആണെങ്കിലും ശ്രീനിവാസൻ സാധാരണക്കാരനായ ഒരു മലയാളിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
ശ്രീനിവാസൻ ജീനിയസും ബുദ്ധിരാക്ഷസനുമൊക്കെയാണ്. പക്ഷേ, അദ്ദേഹം സാധാരണക്കാരനായ ഒരു മലയാളി കൂടിയാണ്. മോഹനൻ സംവിധായകനാവുന്നതിന് മുൻപുള്ള സംഭവമാണ്. അളിയനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ആ സമയത്ത്, അടൂർ പങ്കജം ചേച്ചിയുടെ മകൻ അജയൻ ഒരു കണ്ടുപിടുത്തവുമായി വന്നു.
മദ്രാസിൽ വച്ചാണ്. ബ്രൂണെ രാജാവിൻ്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരൻ നായർ ആണെന്നായിരുന്നു അജയൻ പറഞ്ഞത്. ഈ പ്രൈവറ്റ് സെക്രട്ടറി വിചാരിച്ചാൽ മോഹനനെ ബ്രൂണെയിലേക്ക് കൊണ്ടുപോയി രാജാവിൻ്റെ സ്റ്റാഫാക്കും. ശ്രീനിവാസൻ ആലോചിച്ചപ്പോൾ അതിലൂടെ മോഹനന് രക്ഷപ്പെടാൻ സാധിക്കും. അങ്ങനെ ബ്രൂണെ രാജാവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകാനായി അജയനെ ഏല്പിച്ചു. ആ പൈസ കളഞ്ഞു. സന്ദേശവും വരവേല്പുമൊക്കെ എഴുതിയ ആൾ വീസയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകിയ മലയാളിയായി. ഇത് തന്നെയാണ് അദ്ദേഹം തന്നോട് പറഞ്ഞത്. തനിക്ക് ഇങ്ങനെയൊരു മണ്ടത്തരം പറ്റിയെന്ന്. അങ്ങനെയൊരു ശ്രീനിവാസൻ കൂടിയുണ്ട്. എത്ര ബുദ്ധിമാനാണെങ്കിലും പറ്റിക്കാൻ പറ്റുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നും ഗണേഷ് കുമാർ പറഞ്ഞു.
2007ൽ കഥ പറയുമ്പോൾ എന്ന സിനിമയിലൂടെയാണ് എം മോഹനൻ സിനിമാ സംവിധായകനാവുന്നത്. ശ്രീനിവാസനായിരുന്നു തിരക്കഥ. പിന്നീട് മാണിക്യക്കല്ല്, അരവിന്ദൻ്റെ അതിഥികൾ, ഒരു ജാതി ജാതകം എന്നീ സിനിമകളും മോഹനൻ സംവിധാനം ചെയ്തു.