kerala Kathakali: ഈ പൂതന ഹിന്ദിയാണ് പറയുന്നത് .. ഒരു ഗോസായി കഥകളിയ്ക്കു പിന്നിൽ ഒരു പെണ്ണുണ്ട്
Kerala Kathakali in Hindi: കഥകളി തങ്ങളുടെ ഭാഷയിൽ മനസ്സിലാക്കാൻ കഴിയില്ലെന്നു പായാരം പറഞ്ഞ ഹിന്ദിക്കാരായ കലാ സ്നേഹികളുടെ മനസ്സുകണ്ടാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. തുടർന്ന് മുംബൈയിലെ വേദിയിൽ ഹിന്ദി സംസാരിക്കുന്ന പൂതനയായി താരാ വർമ്മ നിറഞ്ഞാടി.
തൃപ്പൂണിത്തുറ: ഇതുവരെ കേട്ട കഥകളി ശീലുകൾ മണിപ്രവാളത്തിലും മലയാളത്തിലും സംസ്കൃതത്തിലുമുള്ളതായിരുന്നു. കഥകളി തന്നെ മലയാളി കളുടെ സ്വകാര്യ അഹങ്കാരമാണ്. എന്നാൽ ഒരു ഹിന്ദി കഥകളിയെപ്പറ്റി ചിന്തിച്ചു നോക്കൂ… തമാശയാണെന്ന് തെറ്റിധരിക്കേണ്ട. മുംബൈയിലെ പല വേദികളിലും ഇപ്പോൾ പൂതനയും കൃഷ്ണനും എല്ലാം ഗോസായി ഭാഷയാണ് സംസാരിക്കുന്നത്.
സ്വർഗ്ഗപുരി ഭി ലജ്ജിത് ഹോംഗെ ഗോകുൽ കി ഇസ് ഝവി കേ സാംനേ എന്ന് ഗോകുലം കണ്ട് അതിശയപ്പെടുന്ന പൂതനയുടെ ഭാഷയ്ക്കു പിന്നിൽ ഒരു മലയാളിയാണ്. 30 വർഷമായി മുംബൈയിൽ താമസിക്കുന്ന താരാ വർമ്മയാണ് ഈ പുതിയ സൃഷ്ടിയുടെ കാരണം. തൃപ്പൂണിത്തുറയിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഒരു പെൺ കഥകളിക്കൂട്ടമുണ്ട്. അതിലെ ആദ്യകാല അംഗവും കഥകലി ആർട്ടിസ്റ്റുമാണ് താരാ വർമ്മ.
ഹിന്ദി കഥകളി എന്ന ആശയം മുന്നോട്ടു വച്ചത് കലാ ആസ്വാദകനായ ഉണ്ണികൃഷ്ണനാണ്. മലയാള കഥകലി പദത്തെ ഹിന്ദിയിലാക്കിയത് ഡോ. സംഗീതാ പൊതുവാൾ. കഥകളി തങ്ങളുടെ ഭാഷയിൽ മനസ്സിലാക്കാൻ കഴിയില്ലെന്നു പായാരം പറഞ്ഞ ഹിന്ദിക്കാരായ കലാ സ്നേഹികളുടെ മനസ്സുകണ്ടാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. തുടർന്ന് മുംബൈയിലെ വേദിയിൽ ഹിന്ദി സംസാരിക്കുന്ന പൂതനയായി താരാവർമ്മ നിറഞ്ഞാടി.
ബൃന്താവന സാരംഗ്, ജോഗ്, ദേശ് എന്നീ ഹിന്ദുസ്ഥാനി രാഗങ്ങളാണ് ഹിന്ദി കഥകളി പദത്തിന് ഉപയോഗിച്ചത്. അങ്ങനെ ഡോംബിവിലിയിലെ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പൂതനാമോക്ഷത്തിന്റെ ശീലുകൾ ഉയർന്നു. ചെറുപ്പകാലം മുതൽ കഥകളി പഠിച്ചിരുന്നു എന്ന് പൂഞ്ഞാർ സ്വദേശിനിയായ താരാ വർമ്മ പറയുന്നു. ഇപ്പോൾ കൂടുതൽ വേദികളിലേക്ക് ഹിന്ദി കഥകളി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.