Kaithapram Songs: എന്തിനാടോ അധികം പാട്ടുകൾ ചെയ്യുന്നത്…നെല്ലുവായ ധന്വന്തരിക്ഷേത്രത്തിലെ ദീപാരാധന സമയത്ത് പിറന്ന ആ ഈണങ്ങളുടെ കഥ…
Kannaki movie song: അന്നൊരു ദിവസം ക്ഷേത്രത്തിലെ ദീപാരാധന സമയത്ത് ചിട്ടപ്പെടുത്തിയ ഒരു ഈണം ജയരാജനെ പാടി കേൾപ്പിക്കുകയും കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും പിന്നീട് ഒരു ഹിറ്റായി മാറുകയും ചെയ്തു.
കൊച്ചി: കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന സഹോദരന്റെ പ്രഭാവത്തിൽ പലപ്പോഴും മറന്നു പോയ ഒരു അതുല്യപ്രതിഭയാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. അധികം ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്തതൊക്കെ അതിമധുരം എന്ന് അക്ഷരം തെറ്റാതെ പറയാവുന്ന കലാകാരൻ. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ കണ്ണാടി കേശവൻ നമ്പൂതിരിയുടെ മകൻ.
തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണം നേടി സിനിമാരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു സംഗീത അധ്യാപകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1997 ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കണ്ണകി തിളക്കം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ അടക്കം ഏകദേശം 23 സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി.
ഇവയിൽ ഭൂരിഭാഗവും ജയരാജ് സംവിധാനം ചെയ്തവയായിരുന്നു. 2001ൽ പുറത്തിറങ്ങിയ കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന നേട്ടമാണ്.
നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിലെ ഗസ്റ്റ് ഹൗസിൽ പിറന്ന ഗാനം
ലോ ബജറ്റ് ചിത്രമായിരുന്നു കണ്ണകി. ജയരാജന്റെ കളിയാട്ടം ദേശാടനം തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി പരിചയമുണ്ടായിരുന്നു വിശ്വനാഥനെ പാട്ടുകൾ ഒരുക്കാൻ വേണ്ടി അദ്ദേഹം ക്ഷണിച്ചു. നെല്ലുവായ ധന്വധരി ക്ഷേത്രത്തിലെ ഗസ്റ്റ് ഹൗസിലെ ഒരു കുഞ്ഞു മുറിയിലാണ് പാട്ടുകൾ ചിട്ടപ്പെടുത്താൻ ആയി അവർ കഴിഞ്ഞിരുന്നത്. അന്നൊരു ദിവസം ക്ഷേത്രത്തിലെ ദീപാരാധന സമയത്ത് ചിട്ടപ്പെടുത്തിയ ഒരു ഈണം ജയരാജനെ പാടി കേൾപ്പിക്കുകയും കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും പിന്നീട് ഒരു ഹിറ്റായി മാറുകയും ചെയ്തു. കെ എസ് ചിത്രയുടെ ഈണത്തിൽ നാം എല്ലാം കേൾക്കുന്ന കരിനീല കണ്ണഴകി എന്ന പാട്ട് ആയിരുന്നു അത്.
എന്തിനാടോ അധികം പാട്ടുകൾ ഇതുപോലെ ഒന്നു പോരെ….
പാട്ടുകളെല്ലാം തയ്യാറാക്കി കൊച്ചിയിലെ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിന് ആയി എത്തിയ സമയം. വരികൾ എഴുതി അനുജനെ ഏൽപ്പിച്ച് കൈതപ്രം പുറത്തേക്ക് ഇറങ്ങിയപ്പോൾ ആ വരികൾക്ക് ചേർന്ന ഈണം തയ്യാറാക്കി കൈതപ്രം വിശ്വനാഥൻ. തിരികെ വന്ന് ആ ഈണം പാട്ടാക്കി യേശുദാസ് പാടി.
പാടിയശേഷം അദ്ദേഹം വിശ്വനാഥനെ നോക്കി പറഞ്ഞത്രേ… എന്തിനാടോ അധികം പാട്ടുകൾ ചെയ്യുന്നത് ഇതുപോലെ ഒന്ന് രണ്ടു പോരേ എന്ന്. ഇപ്പോൾ പലരുടെയും സാഡ് മൂഡ് കംപാനിയൻ ആയ ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂതീർത്തു കാണാം… എന്ന പാട്ട് ആയിരുന്നു അത്.
അധികം ചെയ്തില്ലെങ്കിലും ചെയ്തതെല്ലാം ശ്രദ്ധിക്കപ്പെട്ട അതുല്യ പ്രതിഭയായിരുന്നു കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. ഗുണമേന്മയ്ക്കും ഹൃദയസ്പർശിയായ ഈണങ്ങൾക്കും പ്രാധാന്യം നൽകി അദ്ദേഹം അർബുദ ബാധിതനായി 58 ആം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. എങ്കിലും മനോഹരമായ സംഗീത സൃഷ്ടികളിലൂടെ അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നു