Lal Jose: മീശമാധവന്റെ പ്രചോദനം ചാട്ടവാര്‍ ഉണ്ണിയായിരുന്നു, അയാളുടെ ശരീരഭാഷയാണ് ദിലീപ് ഉപയോഗിച്ചത്
Lal Jose reveals the story behind Meesa Madhavan Movie: മീശമാധവന്റെ പ്രചോദനം ശരിക്കും ചാട്ടവാര്‍ ഉണ്ണിയായിരുന്നു. ചാട്ടവാര്‍ ഉണ്ണിയുടെ ശരീരഭാഷയാണ് ദിലീപ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരെ ഒരുപാട് ഒബ്‌സര്‍വ് ചെയ്തിട്ടുണ്ട്. കള്ളന്മാരോട് ഒരു ഇഷ്ടമുണ്ടെന്നും ലാല്‍ജോസ്
കള്ളന്മാരുടെ കഥകള്‍ പറഞ്ഞ നിരവധി സിനിമകളുണ്ട്. അതില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്റെ തട്ട് താഴ്ന്നിരിക്കും. റിലീസ് ചെയ്തിട്ട് 23 വര്‍ഷമായെങ്കിലും മലയാളി ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്ന ചിത്രം. ഇപ്പോഴിതാ കള്ളന്മാരുടെ കഥ പറയുന്ന മറ്റൊരു ചിത്രവുമായി ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. പേര് ‘കോലാഹലം. എന്നാല്‍ സംവിധായകന്റെ വേഷത്തിലല്ല ലാല്‍ ജോസ് ഈ സിനിമയുടെ ഭാഗമാകുന്നത്. ലാല്‍ ജോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റഷീദ് പറമ്പില്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കോലാഹലത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടെ ലാല്‍ജോസ് മീശമാധവന്റെ ഓര്‍മകളിലേക്കും കടന്നു ചെന്നു. തന്റെ നാട്ടിലുണ്ടായിരുന്ന ചാട്ടവാര്‍ ഉണ്ണിയെന്ന ആളായിരുന്നു മീശമാധവന്റെ പ്രേരണയെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തി.
”കള്ളന്മാരോടുള്ളത് കൗതുകമാണ്. കുട്ടിക്കാലത്ത് ഒറ്റപ്പാലത്ത് കള്ളന്‍മാരെന്ന് വിളിക്കപ്പെടുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഒറ്റപ്പാലത്ത് ഉണ്ടായിരുന്ന ഒരു കള്ളനായിരുന്നു ചാട്ടവാര്‍ ചാമി. എന്തു മോഷണം നടന്നാലും ചാട്ടവാര്‍ ചാമിയെ പിടിച്ചുകൊണ്ടുവന്ന് ഇടിക്കും. ചാട്ടവാര്‍ ചാമി അപ്പോള്‍ തന്നെ കുറ്റം സമ്മതിക്കും. 45 വയസായപ്പോഴേക്കും ചാട്ടവാര്‍ ചാമി ഇടികൊണ്ട് മരിച്ചുപോയി”-ലാല്‍ ജോസ് ഇന്നലെകളിലെ ഓര്‍മകള്‍ പങ്കുവച്ചു.
പിന്നെയും ഒറ്റപ്പാലത്ത് മോഷണങ്ങള്‍ നടന്നു. പക്ഷേ, കുറ്റം ഏല്‍ക്കാന്‍ ചാമിയില്ല. ചാട്ടവാര്‍ ചാമിയുടെ മകന്‍ ഉണ്ണി അവിടെ വിറക് വെട്ടി ജീവിക്കുന്നുണ്ടായിരുന്നു. ഉണ്ണിയെ നോക്കിയപ്പോള്‍ പൊലീസുകാരുടെ തലയുടെ മുകളില്‍ ഒരു ബള്‍ബ് കത്തി. അങ്ങനെ അവനെ പിടിച്ചുകൊണ്ടുപോയി. അങ്ങനെ ഉണ്ണി കള്ളനായി. ഉണ്ണിയെ നാട്ടുകാര്‍ ചാട്ടവാര്‍ ഉണ്ണിയെന്ന് വിളിവെന്നും അദ്ദേഹം പറഞ്ഞു.




വീട്ടില്‍ വിറക് വെട്ടാന്‍ ഉണ്ണി വരാറുണ്ടായിരുന്നു. ഉണ്ണി വിറകുവെട്ടാന്‍ വരുന്നുണ്ടെന്നും പുറത്തുള്ള പാത്രമൊക്കെ അകത്തേക്ക് വച്ചോയെന്നും അച്ഛന്‍ അമ്മയോട് പറയുമായിരുന്നു. അത്തരം ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. മീശമാധവന്റെ പ്രചോദനം ശരിക്കും ചാട്ടവാര്‍ ഉണ്ണിയായിരുന്നു. ചാട്ടവാര്‍ ഉണ്ണിയുടെ ശരീരഭാഷയാണ് ദിലീപ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. കള്ളന്മാരെ ഒരുപാട് ഒബ്‌സര്‍വ് ചെയ്തിട്ടുണ്ട്. കള്ളന്മാരോട് ഒരു ഇഷ്ടമുണ്ട്. കോലാഹലവും ഒരു കള്ളന്റെ കഥ തന്നെയാണ്. തന്റെ നാട്ടിലെ ഒരു കള്ളന്റെ കഥയാണ് ഈ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.