Lokah OTT : ലോകഃ ഒടിടിക്കായി നവംബർ വരെ കാത്തിരിക്കേണ്ട; നീലി ഈ മാസം തന്നെ എത്തും
Lokah Chapter 1 Chandra OTT Release Date & Platform : ജിയോ ഹോട്ട്സ്റ്റാറാണ് ലോകഃ ചാപ്റ്റർ ഒന്ന് ചന്ദ്ര സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണം എന്ന് മുതൽ ആരംഭിക്കുന്നമെന്ന് അറിയിച്ചിരിക്കുകയാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം
മലയാളത്തിൽ നിന്നും ആദ്യമായി 300 കോടി ക്ലബിൽ ഇടം നേടിയ ചിത്രം ലോകഃ ചാപ്റ്റർ ഒന്ന്: ചന്ദ്ര ഒടിടിയിലേക്ക്. ദുൽഖർ സൽമാൻ നിർമിച്ച കല്യാണി പ്രിയദർശൻ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ജിയോ ഹോട്ട്സ്റ്റാർ ലോകഃ സിനിമയുടെ ഒടിടി റിലീസ് എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 300 കോടി ക്ലബ് എന്ന ചരിത്രം സൃഷ്ടിച്ച ചിത്രം എന്ന് ഒടിടിയിൽ എത്തുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ലോകഃ ഒടിടി
ലോകഃ ഈ ഒക്ടോബർ 31ന് ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാർ. ദീപവലിക്ക് വരാതെ ഇരുന്നതോടെ ലോകഃ ഇനി നവംബറിലെ വരൂ എന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അവയെല്ലാം തള്ളികൊണ്ട് ലോകഃ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം.
കോടികൾ എറിഞ്ഞ് റിലയൻസ്
നേരത്തെ വന്ന ചില റിപ്പോർട്ടുകൾ പ്രകാരം ലോകഃ സിനിമയുടെ ഒടിടി അവകാശം അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. അതിന് ചുറ്റിപ്പറ്റി ലോകഃ സെപ്റ്റംബറിൽ ഒടിടിയിൽ വരുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സിനിമ ഉടൻ ഒടിടിയിലേക്കില്ലെന്ന് അറിയിച്ചുകൊണ്ട് ചിത്രം നിർമിച്ച ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് ലോകഃ സിനിമയുടെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും തുടങ്ങിയ വമ്പൻ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അവസാനം വൻ തുക എറിഞ്ഞ് റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാർ ലോകഃ സിനിമയുടെ ഒടിടി സ്വന്തമാക്കുകയായിരുന്നു.
ALSO READ : Malayalam OTT Releases : ലോകഃ മുതൽ മിറാഷ് വരെ; ഒക്ടോബറിൽ ഇനി ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ
ലോകഃ സിനിമയുടെ ഒടിടി റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ജിയോ ഹോട്ട്സ്റ്റാർ മലയാളത്തിൻ്റെ പോസ്റ്റ്
300 കോടി ക്ലബിൽ കയറി ചരിത്രം കുറിച്ച ലോകഃ
ഓണം റിലീസായി എത്തിയ ലോകഃ 300 കോടി കളക്ഷൻ റെക്കോർഡു ഭേദിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിൻ്റെ തുടരു സിനിമയുടെ 300 കോടി കളക്ഷൻ റെക്കോർഡാണ് ഇപ്പോൾ ലോകഃ സിനിമയുടെ പേരിൽ ചേർക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ 30 കോട ബജറ്റിൽ ഒരുക്കിയ ചിത്രം മലയാളം സിനിമയുടെ ചരിത്രമായി മാറിയിരിക്കുകയാണ്.
ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക്ക് അരുൺ ആണ് ലോകഃ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനും ടൊവീനോ തോമസും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തുന്നു. ലോകഃ രണ്ടാം ഭാഗത്തിൽ ടൊവീനോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.