Manoj K Jayan: ‘സ്വന്തം ഭാഗത്താണ് തെറ്റെങ്കിലും മമ്മൂട്ടി അത് സമ്മതിക്കില്ല; മറ്റുള്ളവരെ ചീത്ത വിളിക്കും’; മനോജ് കെ ജയൻ
Manoj K Jayan on Mammootty’s Driving: വാഹനം ഓടിക്കുന്ന സമയത്ത് സ്വന്തം ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പോലും റോഡിൽ പോകുന്നവരെയാണ് മമ്മൂട്ടി ചീത്തവിളിക്കുകയെന്ന് മനോജ് കെ ജയൻ പറയുന്നു.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വണ്ടി ഭ്രമത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് സഹതാരങ്ങളെ കാറിൽ കയറ്റി ഡ്രൈവ് ചെയ്ത് പോകുന്നതും അദ്ദേഹത്തിന് ഇഷ്ടമാണ്. നേരത്തെ പല താരങ്ങളും അദ്ദേഹത്തിനൊപ്പം വാഹനത്തിൽ യാത്ര ചെയ്ത അനുഭവം പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പം വാഹനത്തിൽ പോയ അനുഭവത്തെ കുറിച്ച് പറയുകയാണ് നടന്മാരായ സുധീഷും മനോജ് കെ ജയനും.
‘ധീരൻ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ദി ക്യൂവിന്റെ അഭിമുഖത്തിൽ ഓരോരുത്തർക്കുമുള്ള ഭയത്തെ കുറിച്ച് താരങ്ങളോട് ചോദിച്ചിരുന്നു. ഇതിന് ഉത്തരം പറയുന്നതിനിടെയാണ് മമ്മൂട്ടി വേഗത്തിൽ വാഹനം ഓടിക്കുന്നതിനെ കുറിച്ച് മനോജ് കെ ജയൻ സംസാരിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് സ്വന്തം ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പോലും റോഡിൽ പോകുന്നവരെയാണ് മമ്മൂട്ടി ചീത്തവിളിക്കുകയെന്ന് മനോജ് കെ ജയൻ പറയുന്നു. ഒരിക്കൽ ഇത്തരത്തിൽ ഒരു ഓട്ടോക്കാരനെ ചീത്ത പറഞ്ഞെന്നും, മമ്മൂട്ടിയാണെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായെന്നും സുധീഷും കൂട്ടിച്ചേർത്തു.
“പുള്ളിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പോലും, പുള്ളി റോഡിൽ പോകുന്നവരെ ചീത്തവിളിക്കും. അതാണ് മമ്മൂട്ടിയുടെ പ്രത്യേകത. അവൻ കാരണമല്ലേ എനിക്ക് ഈ അവസ്ഥ ആയത് എന്നൊക്കെ പറയും. ഞാൻ ഒട്ടേറെ തവണ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്” എന്ന് മനോജ് കെ ജയൻ പറഞ്ഞു. ‘വല്ല്യേട്ടൻ’ സിനിമയുടെ സമയത്ത് അദ്ദേഹം ഒരു ഓട്ടോക്കാരനെ ചീത്തപറഞ്ഞിട്ടുണ്ടെന്ന് നടൻ സുധീഷും കൂട്ടിച്ചേർത്തു. “ഓട്ടോക്കാരന് ആദ്യം അത്ഭുതമായിരുന്നു, പിന്നെ സന്തോഷമായി. ചീത്ത വിളിച്ചതിന് മറുപടി നൽകാൻ നോക്കിയപ്പോഴാണ് വണ്ടിയോടിക്കുന്നത് മമ്മൂക്കയാണെന്ന് മനസിലാക്കിയത്. അദ്ദേഹം ഹാപ്പിയായി” സുധീഷ് പറഞ്ഞു.
ALSO READ: ‘എല്ലാത്തിൻ്റെയും തുടക്കം എമ്പുരാനാണ്’; ജെഎസ്കെ വിവാദത്തിൽ ജി സുരേഷ് കുമാർ
മമ്മൂട്ടിയുടെ സ്പീഡിനെ കുറിച്ച് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ നടനും എംഎൽഎയുമായ മുകേഷും സംസാരിച്ചിരുന്നു. സ്പീഡിന്റെ കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂക്കയ്ക്ക് ഇതുവരെയും കാർ ഓടിച്ച് കമ്പം തീർന്നിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് സുഖമാണ്. കാരണം വാഹനം ഓടിക്കുന്നത് എന്നും മമ്മൂക്കയാണെന്നും മുകേഷ് പറഞ്ഞു.
ഒരിക്കൽ ഷൂട്ട് കഴിഞ്ഞപ്പോൾ മമ്മൂക്ക കാറിൽ കയറാൻ വിളിച്ചപ്പോൾ ഓവർ സ്പീഡ് ഭയന്ന് താൻ മാറി നിന്നുവെന്നും, എന്നാൽ മമ്മൂക്ക വിട്ടില്ല. സ്പീഡ് കുറയ്ക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊരു കഥയാണ് തനിക്ക് പറഞ്ഞുതന്നതെന്നും മുകേഷ് പറയുന്നു. ഒരിക്കൽ വാഹനം സ്പീഡിൽ ഓടിച്ച് ഒരു സൈക്കിളിൽ ഇടിച്ചു. വാഹനം നിർത്തിയപ്പോൾ അദ്ദേഹം 500 ചോദിച്ചു, താൻ ആയിരം കൊടുത്തു. എല്ലാവരും കൈയ്യടിച്ചു. നിനക്ക് വണ്ടിയോടിച്ച് കൈയ്യടി വാങ്ങാൻ കഴിയുമോയെന്നാണ് മമ്മൂട്ടി ചോദിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.