Mammootty: ‘ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി’; പ്രിയപ്പെട്ട ഇടത്തേക്ക് പുഞ്ചിരിയോടെ മമ്മൂട്ടിയുടെ തിരിച്ചുവരവ്
Mammootty Says Thanks: പ്രിയപ്പെട്ട ഇടത്തേക്ക് പുഞ്ചിരിയോടെ തിരികെയെത്തി മമ്മൂട്ടി. പേട്രിയറ്റ് സെറ്റിലെത്തിയ മമ്മൂട്ടി എല്ലാവർക്കും നന്ദി അറിയിച്ചു.

മമ്മൂട്ടി
പേട്രിയറ്റ് സെറ്റിലെത്തി മമ്മൂട്ടി. രോഗബാധയെ തുടർന്ന് ഏഴ് മാസത്തോളം നീണ്ട ഇടവേളയെടുത്തതിന് ശേഷമാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുന്നത്. നിർമ്മാതാവ് ആൻ്റോ ജോസഫിനൊപ്പം കാറിൽ ഷൂട്ടിങ് സെറ്റിലേക്കെത്തിയ മമ്മൂട്ടിയെ സംവിധായകൻ മഹേഷ് നാരായണനും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
മമ്മൂട്ടിയുടെ പ്രതികരണത്തിനായി മാധ്യമപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇവരോട് അധികമൊന്നും അദ്ദേഹം സംസാരിച്ചില്ല. ‘പ്രാർത്ഥനകൾക്കെല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. സ്നേഹത്തിൻ്റെ പ്രാർത്ഥനകളല്ലേ. അതിണ് ഫലം കിട്ടുമെന്നാണ് എൻ്റെ വിശ്വാസം. സന്തോഷം എല്ലാവർക്കും. നന്ദി, നന്ദി, ഓർത്തവർക്കും സ്നേഹിച്ചവർക്കും.’- മാധ്യമപ്രവർത്തകരോട് പറഞ്ഞ് മമ്മൂട്ടി അകത്തേക്ക് നടന്നു.
ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്ന അനുരാഗ് കശ്യപിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയോട് സംസാരിക്കുന്നതും കാൽ തൊട്ട് വണങ്ങുന്നതുമാണ് വിഡിയോയിലുള്ളത്. ഹൈദരാബാദ് നഗരത്തിൽ നാല് ഇടങ്ങളിലായാണ് പേട്രിയറ്റിൻ്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിലുള്ളത്.17 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നത്. ഹരികൃഷ്ണൻസിന് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന ആദ്യ സിനിമയും പേട്രിയറ്റാണ്.