Maniyanpilla Raju: ‘നസീര്‍ സാറിന് കഴിക്കാന്‍ വെച്ച ഭക്ഷണത്തിൽ ഞങ്ങള്‍ മണ്ണ് വാരിയിട്ട് ഇറങ്ങിയോടി’: മണിയന്‍പിള്ള രാജു
Maniyanpilla Raju About Prem Nazir: ഒരിക്കൽ നടൻ പ്രേം നസീറിന് കഴിക്കാനുള്ള ഭക്ഷണത്തിൽ താൻ മണ്ണ് വാരിയിട്ടിട്ടുണ്ടെന്നും അത് പ്രതിഷേധാത്മകമായാണ് ചെയ്തതെന്നും മണിയൻപിള്ള രാജു പറയുന്നു.
ആദ്യ കാലങ്ങളിൽ സിനിമ സെറ്റിൽ നായകൻമാർക്കും മറ്റ് ജൂനിയർ ആർട്ടിസ്റ്റിനും പല രീതിയിൽ ഭക്ഷണം കൊടുത്തിരുന്ന രീതിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ മണിയൻപിള്ള രാജു. ലൈറ്റ് ബോയസ് പിച്ചക്കാരെ പോലെ മാറി ഇരുന്ന് കഴിക്കുന്നത് വരെ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അന്നാണ്, ജീവിതത്തിൽ എന്നെങ്കിലും സിനിമ ചെയ്യുകയാണെങ്കിൽ താൻ എല്ലാവർക്കും ഒരുപോലെ ഭക്ഷണം കൊടുക്കുമെന്ന് തീരുമാനിച്ചതെന്നും മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു.
ഒരിക്കൽ നടൻ പ്രേം നസീറിന് കഴിക്കാനുള്ള ഭക്ഷണത്തിൽ താൻ മണ്ണ് വാരിയിട്ടിട്ടുണ്ടെന്നും അത് പ്രതിഷേധാത്മകമായാണ് ചെയ്തതെന്നും നടൻ പറയുന്നു. പിന്നീട് ഇക്കാര്യം താൻ നസീറിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയോട് വളരെ പാഷനുള്ള ആളാണ് താനെന്നും തന്നെ ശപിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞതായും നടൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“1975-76 കാലഘട്ടത്തിൽ ഞാൻ അഭിനയിക്കുന്ന സമയത്ത്, സെറ്റിൽ നസീർ സാർ, ജയൻ സാർ തുടങ്ങിയവർക്കൊക്കെ ഉച്ചക്ക് ഫിഷ് ഫ്രൈ, മട്ടനെല്ലാം ഉണ്ടാകും. എന്നെ പോലെയുള്ളവർക്കും എന്റെ തൊട്ട് താഴെയുള്ള ആളുകൾക്കും മത്തിക്കറിയോ അങ്ങനെ എന്തെങ്കിലും ആയിരിക്കും. എനിക്ക് ഏറ്റവും വിഷമം തോന്നിയത് ലൈറ്റ് ബോയ്സിനെ കണ്ടപ്പോഴാണ്. അവർക്ക് രണ്ട് പൊതിയാണ് കൊടുക്കുക.
അതിൽ ഒന്നിൽ സാമ്പാർ സാദം, മറ്റേതിൽ തൈര് സാദം. അല്ലെങ്കിൽ പുളിയോതര. അതുമല്ലെങ്കിൽ തക്കാളി ചോറ്. ഇവർ മാറിയിരുന്ന് ഇങ്ങനെ ഭിക്ഷക്കാര് കഴിക്കുന്നതുപോലെ കഴിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും. അന്ന് ഞാൻ വിചാരിച്ചതാണ്, ജീവിത്തിൽ ഒരു സിനിമ എടുക്കുകയാണെങ്കിൽ അതിലെ ഹീറോ കഴിക്കുന്ന അതേ ഫുഡ് തന്നെ ഇവർക്കും കൊടുക്കണം എന്ന്.
ALSO READ: സർക്കീട്ടിലേക്ക് ഓർഹാനെ തിരഞ്ഞെടുത്തത് 700ഓളം പേരെ ഓഡിഷൻ ചെയ്തതിന് ശേഷം: ആസിഫ് അലി
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സംഭവം ഉണ്ടായി. ഞാനും വർക്കലയുള്ള ഗോപാലകൃഷ്ണനും കൂടി ഒരു പരിപാടി ഒപ്പിച്ചു. ഷോട്ടിന്റെ സമയത്ത് ഇടക്ക് ഇറങ്ങി വന്ന് നസീർ സാറിന്റെ മുറിയിൽ കേറി ഒരുപിടി ഭക്ഷണം വാരി കഴിച്ചു. എന്നിട്ട് അതിലേക്ക് തറയിൽ നിന്ന് കുറച്ച് മണ്ണ് വാരിയിട്ട് ഇറങ്ങിയോടി. ഉച്ചക്ക് നസീർ സാർ ഭക്ഷണം കഴിക്കുമ്പോൾ എന്താണ് ഇതിനകത്ത് ഭയങ്കരമായിട്ട് മണ്ണ് കടിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ ആഹാരം കഴിക്കാതിരുന്ന ബഹ്ദൂർ സാറും മറ്റുമൊക്കെ ശരിയാണ് ഭയങ്കര മണ്ണ് എന്നൊക്കെ പറഞ്ഞു.
അവിടെ അന്ന് പ്രൊഡക്ഷനിൽ കുക്കിനെ വഴക്ക് പറയുന്നു. അങ്ങനെ ആകെ ബഹളമായി. പില്കാലത്ത് ഞാൻ ഇത് നസീർ സാറിനോട് പറഞ്ഞിട്ടുണ്ട്. ‘അഭിനയത്തോടുള്ള അതിയായ പാഷൻ ഉള്ളതുകൊണ്ടാണ് ഇവിടെ വരുന്നത്. എന്ത് തന്നാലും കഴിക്കും. പക്ഷേ ഈ മണ്ണ് വാരിയിട്ടത് ഒരു സമരമായിരുന്നു. സാർ എന്നെ ശപിക്കല്ലേ’ എന്ന് നസീർ സാറോട് ഞാൻ പറഞ്ഞു” മണിയൻപിള്ള രാജു പറയുന്നു.