Minu Muneer: അഭിനയം വാഗ്ദാനം ചെയ്ത് ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറി; നടി മിനു മുനീർ കസ്റ്റഡിയിൽ
Minu Muneer In Custody: മിനു മുനീർ തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ. ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറിയെന്നതാണ് കേസ്.

മിനു മുനീർ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറിയെന്ന കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ. തമിഴ്നാട് പോലീസാണ് ഈ മാസം 13ന് രാത്രി ഇവരെ കസ്റ്റഡിയിൽ എടുത്തത്. മിനു മുനീറിനെ ഇന്ന് രാവിലെ ചെന്നൈയിൽ എത്തിച്ചു. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറിയെന്നാണ് കേസ്.
2014 ലാണ് സംഭവമുണ്ടായത്. സിനിമാഭിനയം വാഗ്ദാനം ചെയ്ത് ബന്ധുവിനെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന പരാതിയിൽ ചെന്നൈ തിരുമംഗലം പോലീസാണ് കേസെടുത്തത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെ മിനു മുനീർ നിരവധി നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തുവന്നു. ബാലചന്ദ്ര മേനോൻ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെയൊക്കെ മിനു മുനീർ ആരോപണമുന്നയിച്ചു. എന്നാൽ, ബാലചന്ദ്ര മേനോനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പിന്നാലെ മിനു മുനീറിനെതിരെ ബാലചന്ദ്ര മേനോൻ അപകീർത്തിക്കേസ് നൽകി. കേസിൽ മിനു മുനീറിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ മിനു മുനീർ അറസ്റ്റിലായത്.
ഇതിനിടെ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകനായ സംഗീത് ലൂയിസ് കഴിഞ്ഞയാഴ്ച അറസ്റ്റിലായി.