Thudarum Movie : റിലീസ് ഡേറ്റല്ല; തുടരും സിനിമയുടെ മറ്റൊരു ഡേറ്റ് പുറത്ത് വിട്ടു
Thudarum Movie Updates : തുടരും സിനിമ ജനുവരി 30 തീയതി തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

മോഹൻലാലിൻ്റെ തുടരും സിനിമയുടെ റിലീസ് തീയതി എന്നാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ കഴിഞ്ഞ ജനുവരി 30-ാം തീയതി തരുൺ മൂർത്തി ഒരുക്കുന്ന മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ചില ബിസിനെസ് ഡീലുകൾ വൈകിയത് കൊണ്ടും തുടരും സിനിമയുടെ റിലീസ് നീണ്ടു പോകുകയായിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയിൽ ധാരണയായില്ലെങ്കിലും ചിത്രത്തിൻ്റെ ആദ്യ ഗാനം എന്ന് പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
കൺമണിപൂവെ എന്ന ചിത്രത്തിലെ ഫസ്റ്റ് സിംഗിൾ പുറത്ത് വിടുന്ന തീയതിയാണ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാനത്തിൻ്റെ ഒരു പ്രൊമോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. എംജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. എവർഗ്രീൻ കോംബോയായ മോഹൻലാൽ എംജി കൂട്ടികെട്ടിലെ ഗാനം കേൾക്കാനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് ഈ മെലഡി ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബികെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. സോണി മ്യൂസിക്കാണ് തുടരും സിനിമയുടെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മറ്റൊരു എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നയെന്നതും തുടരും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മോഹൻലാലിനും ശോഭനയ്ക്കും പുറമെ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇർഷാദ് അലി, തോമസ് മാത്യൂ, അർഷ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രജപുത്ര വിശ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് തുടരും സിനിമ നിർമിക്കുന്നത്.




സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫും ഷെഫീക്ക് വിബിയും ചേർന്നാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. കോ-ഡയറക്ടറായ ബിനു പപ്പവുമെത്തുന്നുണ്ട്.
തുടരും സിനിമയുടെ റിലീസ്
ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഒ ബിസിനെസ് ഡീലുകൾ പൂർത്തിയാക്കാതെ വന്നതോടെ ചിത്രത്തിൻ്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. കൂടാതെ മാർച്ചിൽ മോഹൻലാലിൻ്റെ തന്നെ ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ എത്തുന്നതോടെ ഫെബ്രുവരി റിലീസ് ചെയ്യുന്നതിൽ നിന്നും അണിയറപ്രവർത്തകർ പിൻവാങ്ങുകയും ചെയ്തു. അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് ജി സുരേഷ് കുമാറാണ് തുടരും എന്ന് തിയറ്ററിൽ എത്തുമെന്ന് അറിയിച്ചത്.
തുടുരും സിനിമയുടെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയെടുത്ത ജിയോ സ്റ്റാർ, സ്റ്റാർ നെറ്റ്വർക്കുമായിട്ടുള്ള ധാരണയിൽ ചിത്രത്തിൻ്റെ റിലീസ് മെയ് ആക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് സുരേഷ് കുമാർ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി തുടരും സിനിമയുടെ അണിയറപ്രവർത്തർ വ്യക്തമാക്കിട്ടില്ല. സുരേഷ് കുമാറിൻ്റെ അവകാശവാദം സിനിമയുടെ അണിയറപ്രവർത്തകർ തള്ളുകയും ചെയ്തിട്ടില്ല. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.