Mohanlal: ‘ ഇന്ത താടി ഇരുന്താൽ പ്രച്നമായേക്കാം…; സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്; മോഹന്‍ലാലിനെതിരേ വിമര്‍ശനം
Mohanlal Beard Controversy: സൈനിക യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ ഉപദേശം നല്‍കണമെന്ന ആവശ്യവുമായി നാവികസേന മുന്‍മേധാവി റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് രംഗത്തെത്തി.
ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരനേട്ടത്തില്‍ കരസേനയുടെ ആദരം ഏറ്റുവാങ്ങാനെത്തിയ മോഹൻലാലിനെതിരെ വിമർശനം. സൈനിക യൂണിഫോമിലെത്തിയ താരം വേഷം ധരിക്കുമ്പോഴുള്ള പെരുമാറ്റചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സൈനിക യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ ഉപദേശം നല്‍കണമെന്ന ആവശ്യവുമായി നാവികസേന മുന്‍മേധാവി റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് രംഗത്തെത്തി. സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തി.
ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്നതിനെക്കുറിച്ച് സേന ആസ്ഥാനത്ത് നിന്ന് കൃത്യമായ ഉപദേശം ലഭിക്കണം എന്നായിരുന്നു അഡ്മിറല്‍ അരുണ്‍ പ്രകാശം സംഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാലിനെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്ന പോസ്റ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
താടി വടിക്കാതെ യൂണിഫോം ധരിച്ച് ചടങ്ങിൽ എത്തിയതാണ് വിമര്‍ശനത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടിവടിച്ചിരിക്കണമെന്നാണ് ചട്ടം. സിഖ് വിഭാഗക്കാര്‍ക്കുമാത്രമാണ് താടിവെക്കുന്നതില്‍ ഇളവുള്ളത്.
ഇതിനു പുറമെ മോഹൻലാലിനു നൽകിയ ആദരത്തിലും വിമർശനമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി -ലഫ്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് ആര്‍മിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് കരസേനാ മേധാവി സമ്മാനിച്ചതിലാണ് വിമർശനം. ഈ ആദരത്തിനായി മുഴുവന്‍ സമയ സൈനികര്‍ ചോരയും നീരും കൊടുക്കേണ്ടിവരുന്നിടത്ത് മോഹന്‍ലാലിന് എങ്ങനെയാണ് സൗജന്യമായി കൊടുക്കുന്നതെന്ന് വിങ് കമാന്‍ഡര്‍ മുഹമ്മദ് മുജീബ് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തി കരസേന മേധാവിയുമായി മോഹനലാൽ കൂടിക്കാഴ്ച നടത്തിയത്. ഇവിടെ വച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ഈ അംഗീകാരത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു.
Distinguished civilians, conferred an honorary rank in the armed forces, by the President of India, must receive proper advise from the Service HQ on how one must appear while wearing military rank and uniform. https://t.co/XPKCR4fMUa
— Adm. Arun Prakash (@arunp2810) October 8, 2025