Mohanlal: ‘ആൾക്കൂട്ടത്തിലെ എന്റെ ജീവിതം കഴിഞ്ഞുവെന്ന് ഞാനന്ന് വേദനയോടെ തിരിച്ചറിഞ്ഞു, പതുക്കെ തനിച്ചായി’; മോഹൻലാൽ
Mohanlal on Career Struggles: സിനിമയിൽ സജീവമായതിന് ശേഷം തനിക്ക് നഷ്‌ടമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ.
ആൾക്കൂട്ടത്തിലെ തന്റെ ജീവിതം കഴിഞ്ഞുവെന്ന യാഥാർഥ്യം മനസിലാക്കിയ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാൽ. സിനിമയിൽ ആരുമാവാത്ത കാലത്ത് അജ്ഞാതനായി നടക്കുന്നതിന്റെ ആനന്ദം താൻ അനുഭവിച്ചിരുന്നുവെന്നും മോഹൻലാൽ പറയുന്നു. സിനിമയിൽ സജീവമായതിന് ശേഷം തനിക്ക് നഷ്‌ടമായ കാര്യങ്ങളെ കുറിച്ച് ഗൃഹലക്ഷ്മിയിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയിൽ എത്തിയ ആദ്യകാലങ്ങളിൽ, ആരും തിരിച്ചറിയാതെ സ്വതന്ത്രമായി നടക്കുന്നതിന്റെ ആനന്ദം താൻ അനുഭവിച്ചിരുന്നെന്നും അപ്പോഴെല്ലാം ആൾക്കൂട്ടത്തിന്റെ നടുവിലായിരുന്നു താനെന്നും മോഹൻലാൽ പറയുന്നു. എന്നാൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് കാലം തന്നെ കയറ്റിയിരുത്തിയപ്പോൾ താൻ പോലുമറിയാതെ തന്റെ പൊതുജീവിതത്തിന്റെ പല നിയന്ത്രങ്ങളും നിബന്ധനകളും വന്നുവെന്നും മോഹൻലാൽ പറയുന്നു. ആൾക്കൂട്ടത്തിലെ തന്റെ ജീവിതം അവസാനിച്ചുവെന്ന കാര്യം താൻ അന്ന് വേദനയോടെ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ചിലധികം വർഷങ്ങളായി. ആദ്യ കാലങ്ങൾ അലച്ചിലുകളുടേതായിരുന്നു. അക്കാലത്ത് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ. ഏതൊക്കെയോ സ്ഥലങ്ങൾ, എത്രയോ രാപ്പകലുകൾ. പ്രത്യേക പരിഗണനകൾ ഒന്നുമില്ലാത്ത, താൻ ആരുമാവാത്ത കാലം. അജ്ഞാതനായി നടക്കുന്നതിന്റെ ആനന്ദം അനുഭവിച്ച ദിവസങ്ങൾ. അപ്പോഴെല്ലാം ഞാൻ ആൾക്കൂട്ടത്തിന്റെ നടുവിലായിരുന്നു. അന്നെല്ലാം ഷൂട്ടിങ് അങ്ങനെയായിരുന്നു.
ആ കാലത്തിന് അതിന്റേതായ ഭംഗിയുണ്ടായിരുന്നു. എന്നെ ഞാനാക്കിയത് ആ കാലമാണ്. പിന്നീട് എന്റെ ജീവിതം തെളിഞ്ഞുതുടങ്ങി. തിരക്കായി. പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് കാലം എന്നെ കയറ്റിയിരുത്തി. പ്രേക്ഷകർ എന്നെ സൂപ്പർ താരം എന്ന് പേരിട്ടുവിളിച്ചു. ഞാൻ പോലും അറിയാതെ എന്റെ പൊതുജീവിതത്തിന്റെ പല നിയന്ത്രണങ്ങളും നിബന്ധനകളും വന്നു. ആൾക്കൂട്ടത്തിലെ എന്റെ ജീവിതം കഴിഞ്ഞുവെന്ന കാര്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.
പതുക്കെ ഞാൻ തനിച്ചാവാൻ തുടങ്ങി. ആദ്യമൊക്കെ ഇതെന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഒറ്റയ്ക്കിരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. എപ്പോഴും ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം എന്ന് തോന്നും” എന്നും മോഹൻലാൽ പറഞ്ഞു.