AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Devadoothan Movie Re-release: നിഖിൽ മഹേശ്വറിൻ്റെയും അലീനയുടെയും പ്രണയം… സംഗീതം കൊണ്ട് വിസ്മയം തീർത്ത ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു

Devadoothan Movie Re-release: അലീനയുടെയും നിഖിൽ മഹേശ്വറിന്റെയും അനശ്വര പ്രണയത്തിലൂടെ കടന്നുപോകുന്ന ചിത്രം അന്ന് ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും ഇന്നത്തെ തലമുറ ചിത്രത്തെ ഹൃദയത്തിലേറ്റി.

Devadoothan Movie Re-release: നിഖിൽ മഹേശ്വറിൻ്റെയും അലീനയുടെയും പ്രണയം… സംഗീതം കൊണ്ട് വിസ്മയം തീർത്ത ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു
കോക്കേഴ്സ് മീഡിയ എന്റർടെയിൻമെന്റ്സ് പുറത്തുവിട്ട ദേവദൂതൻ്റെ പോസ്റ്റർ. (IMAGE CREDITS: INSTAGRAM)
Neethu Vijayan
Neethu Vijayan | Updated On: 17 Jun 2024 | 02:48 PM

കാലം തെറ്റി പെയ്ത മഴയെന്നൊക്കെ ചില സിനിമകളെ പലപ്പോഴും വിളിക്കാൻ തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രം. അലീനയുടെയും നിഖിൽ മഹേശ്വറിന്റെയും അനശ്വര പ്രണയത്തിലൂടെ കടന്നുപോകുന്ന ചിത്രം അന്ന് ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും ഇന്നത്തെ തലമുറ ചിത്രത്തെ ഹൃദയത്തിലേറ്റി.

2000ത്തിലാണ് ദേവദൂതൻ റിലീസ് ചെയ്തത്. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യം ഇപ്പോഴുമുയരുന്ന ചിത്രമാണ് ദേവദൂതൻ. എന്നാൽ പുതിയ തലമുറയ്ക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്ന് പരാജയപ്പെട്ടെങ്കിലും വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് ചിത്രം. അതും ഫോർ കെ മികവിൽ.

രഘുനാഥ് പലേരി തിരക്കഥയെഴുതിയ ചിത്രം ഉടൻ റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിനുമുന്നോടിയായി നിർമ്മാതാക്കളായ കോക്കേഴ്സ് മീഡിയ എന്റർടെയിൻമെന്റ്സാണ് ദേവദൂതന്റെ ഒരു പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പിന്നിൽനിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ കാണിക്കുന്നത്.

പ്രധാന അണിയറ പ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ടെങ്കിലും എന്നാണ് റിലീസെന്ന് കാര്യം വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമ്മാതാക്കൾ നേരത്തേ അറിയിച്ചിരുന്നു.

ALSO READ: യുദ്ധമുഖത്ത് നിന്നും ഖുറേഷി അബ്രാം വരുന്നു; മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തി എമ്പുരാൻ്റെ പുതിയ പോസ്റ്റർ

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർന്ന ഒരു ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന അഥവാ ആഞ്ജെലീന, വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുള്ള സ്ഥാനം വളരെ വലുതാണ്.

നിഖിൽ മഹേശ്വർ എന്ന കണ്ണിനു കാഴ്ചയില്ലാത്ത തൻ്റെ കാമുകൻ മരണപ്പെട്ടതറിയാതെ അയാളെ കാത്തിരിക്കുന്ന നായികയാണ് അലീന. ഇരുവരുടെയും പ്രണയത്തെ അതിമനോഹരമായിട്ടാണ് സിബി മലയിൽ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ വിദ്യാസാ​ഗർ ഈണമിട്ട ​ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇതിൽത്തന്നെ എന്തരോ മഹാനുഭാവുലു എന്ന ​ഗാനത്തിന് ആരാധകമനസുകളിൽ ഒരു പ്രത്യേക ഇടം തന്നെയുണ്ടെന്ന് പറയാം. എന്തരോ മഹാനുഭാവുലു ഒഴികെയുള്ള മറ്റു​ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു രചിച്ചത്. ഈ ചിത്രത്തിലൂടെ വിദ്യാസാ​ഗറിനെ ആ വർഷത്തെ മികച്ച സം​ഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി.