Mohanlal: ‘എന്നെ ഞാനാക്കിയ, എന്റെ പ്രിയപ്പെട്ട അമ്മ…’; അമ്മയുടെ വിയോഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
തന്നെ താനാക്കിയ, തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയെന്നാണ് മോഹൻലാൽ പറഞ്ഞത്.
ജീവിതത്തില്‍ എല്ലാമെല്ലാമായ അമ്മയുടെ വിയോഗത്തിൽ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. തന്നെ താനാക്കിയ, തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയെന്നാണ് മോഹൻലാൽ പറഞ്ഞത്.
തന്റെ ദുഃഖത്തിൽ നേരിട്ടും അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദിയെന്നും വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
അടുത്തിടെയാണ് നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങിയത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിന്റെ പറമ്പിൽ ഭർത്താവും മൂത്തമകനും അന്ത്യവിശ്രമംകൊള്ളുന്ന മണ്ണിലാണ് ശാന്തകുമാരി അമ്മയും അന്ത്യവിശ്രമകൊള്ളുന്നത്.
Also Read:മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; ഭർത്താവിനും മകനും ഒപ്പം അന്ത്യവിശ്രമം
സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് ശാന്തകുമാരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..