Leopard Attacks: പുലി പേടിയിൽ ഗ്രാമം, കന്നുകാലികളെ കൊന്നൊടുക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി
Uttarakhand Leopard Attacks: ആക്രമണം പതിവായതോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. പത്തോളം കന്നുകാലികളെയാണ് ഇതുവരെ പുലി കൊന്നൊടുക്കിയത്.
ഡെറാഡൂൺ: പുലി ആക്രമണം പതിവായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി ഗ്രാമവാസികൾ. ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ രണ്ട് മണിക്കൂറോളമാണ് തടഞ്ഞുവെച്ചത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഗൈർസൈൻ മേഖലയിലാണ് സംഭവം. പ്രദേശത്ത് കന്നുകാലികൾക്ക് നേരെ പുലി ആക്രമണം പതിവായതോടെയാണ് വനംവകുപ്പിനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് പുലി ആക്രമണം അതിരൂക്ഷമാണ്. ഏറ്റവും ഒടുവിലായി ഉജേതിയ ഗ്രാമത്തിൽ ഒരു പശുവിനെയും കിടാവിനെയും പുലി കൊലപ്പെടുത്തിയതോടെയാണ് സംഭവം വഷളായത്. പത്തോളം കന്നുകാലികളെയാണ് ഇതുവരെ പുലി കൊന്നൊടുക്കിയത്. കൂടാതെ വളർത്തുനായ്ക്കൾക്ക് നേരെയും ആക്രമണമുണ്ടായി.
ആക്രമണം പതിവായതോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തിയപ്പോൾ ക്ഷുഭിതരായ നാട്ടുകാർ അവരെ വളയുകയും ബന്ദികളാക്കുകയുമായിരുന്നു.
ALSO READ: പുതുവത്സരസമ്മാനം; ഫുഡ് ഡെലിവറി ബോയിക്ക് ടിപ്പായി 501 രൂപ; ശ്രദ്ധേയമായി പോസ്റ്റ്
രണ്ട് മണിക്കൂറോളം നേരം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് ഇവരെ വിട്ടയച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ബിഷ്ത് എത്തി ഉടൻ തന്നെ കെണികൾ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് തർക്കം പരിഹരിച്ചത്.
കന്നുകാലികളെ ഇത്രയും പരസ്യമായി ആക്രമിക്കുന്ന പുലി വൈകാതെ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കാൻ തുടങ്ങുമെന്നും നാട്ടുകാർ ഭയപ്പെടുന്നുണ്ട്. 2024 ൽ പുള്ളിപ്പുലി ആക്രമണത്തിൽ 12 പേരും കടുവ ആക്രമണത്തിൽ ഏഴ് പേരും ഉത്തരാഖണ്ഡിൽ മരിച്ചതായി വനം വകുപ്പിലെ വൃത്തങ്ങൾ വെളിപ്പെടുത്തി.