OTT Releases This Week: ‘പ്രിൻസ് ആൻഡ് ഫാമിലി’ മുതൽ ‘ആസാദി’ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
New OTT Releases This Week: ദിലീപിന്റെ ‘പ്രിൻസ് ആൻഡ് ഫാമിലി’, ശ്രീനാഥ് ഭാസിയുടെ 'ആസാദി', മലയാളത്തിലെ ആദ്യ വെബ്‌സീരീസായ 'കേരള ക്രൈം ഫയൽസി'ന്റെ രണ്ടാം ഭാഗം ഉൾപ്പടെ ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്. ദിലീപിന്റെ ‘പ്രിൻസ് ആൻഡ് ഫാമിലി’, ശ്രീനാഥ് ഭാസിയുടെ ‘ആസാദി’, മലയാളത്തിലെ ആദ്യ വെബ്‌സീരീസായ ‘കേരള ക്രൈം ഫയൽസി’ന്റെ രണ്ടാം ഭാഗം ഉൾപ്പടെ ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. വരും ദിവസങ്ങളിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും അറിയാം.
പ്രിൻസ് ആൻഡ് ഫാമിലി
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ മെയ് 9നാണ് തീയേറ്ററുകളിൽ എത്തിയത്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവർ അണിനിരന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ ജൂൺ 20 മുതൽ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
ആസാദി
ശ്രീനാഥ് ഭാസിയെ നായകനാക്കി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആസാദി’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമിച്ചത്. ചിത്രത്തിൽ രവീണ രവി, ലാൽ, വാണി വിശ്വനാഥ്, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ജൂൺ 27 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ആപ് കൈസേ ഹോ
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആപ് കൈസേ ഹോ’. ഫെബ്രുവരി 28ന് റിലീസായ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ധ്യാൻ തന്നെയാണ്. ഏറെ നാൾക്കു ശേഷം ശ്രീനിവാസൻ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത് ഈ സിനിമയിലൂടെയാണ്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദർശൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൺ എൻഎക്സ്‌ടിയിൽ (Sun NXT) ജൂൺ 20ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ALSO READ: ‘ആസിഫ് വിളിച്ചാൽ എടുക്കില്ല, ഒരിക്കൽ രാത്രി രണ്ട് മണിക്ക് എന്നെ വിളിച്ചു’; ലാൽ
കേരള ക്രൈം ഫയൽസ് 2
ഏറെ ജനപ്രീതി നേടിയ ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്ന ‘കേരള ക്രൈം ഫയൽസി’ന്റെ രണ്ടാം ഭാഗം ഒടിടിയിൽ എത്തുന്നു. ‘കേരള ക്രൈം ഫയൽസ് ദ സെർച്ച് ഫോർ സിപിഒ അമ്പിളി രാജു’ എന്നാണ് രണ്ടാം സീസണിന്റെ പേര്. ആദ്യ സീസൺ സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ‘കിഷ്കിന്ധാ കാണ്ഡത്തി’ന് തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2വിന്റെ തിരക്കഥ രചിച്ചത്. അജുവർഗീസ്, ലാൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ജൂൺ 20 മുതൽ ജിയോഹോട്ട്സ്റ്റാറിൽ ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ സ്ട്രീമിങ് ആരംഭിക്കും.
എയ്‌സ്
വിജയ് സേതുപതിയെ നായകനാക്കി അറുമുഖ കുമാർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രമാണ് ‘എയ്‌സ്’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ വിജയം കൈവരിക്കാൻ സാധിച്ചില്ല. എങ്കിലും ഒടിടിയിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിക്ക് പുറമെ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാഷ്, ബബ്ലൂ പൃഥ്വിരാജ്, ദിവ്യ പിള്ള, രമേശ് തിലക് തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു.