Asif Ali: ‘ആസിഫ് വിളിച്ചാൽ എടുക്കില്ല, ഒരിക്കൽ രാത്രി രണ്ട് മണിക്ക് എന്നെ വിളിച്ചു’; ലാൽ
ആസിഫ് ഫോൺ വിളിച്ചാൽ എടുക്കാത്ത സ്വഭാവക്കാരനായിരുന്നെന്നും ഒരിക്കൽ രാത്രി രണ്ട് മണിക്ക് തനിക്ക് ആസിഫിന്റെ കോൾ വന്നുവെന്നും ലാൽ പറയുന്നു.

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് ലാൽ. ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് താരം. ആസിഫ് ഫോൺ വിളിച്ചാൽ എടുക്കാത്ത സ്വഭാവക്കാരനായിരുന്നെന്നും ഒരിക്കൽ രാത്രി രണ്ട് മണിക്ക് തനിക്ക് ആസിഫിന്റെ കോൾ വന്നുവെന്നും ലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.
‘ഞാൻ ഒരിക്കലും രാത്രി കിടക്കുമ്പോൾ ഫോൺ സൈലന്റ് ആക്കി വയ്ക്കാറില്ല. അതുപോലെ പരിചയമില്ലാത്ത നമ്പർ കണ്ടാൽ എടുക്കാത്ത ആളുമല്ല. സ്പാം എന്ന് നോട്ടിഫിക്കേഷൻ കണ്ടാൽ മാത്രമാണ് ഫോൺ എടുക്കാതിരിക്കുകയുള്ളൂ. അല്ലാത്ത ഏത് സാഹചര്യത്തിലും കോളുകൾ എടുക്കും. കാരണം ആരാണ് എപ്പോഴാണ് വിളിക്കുക എന്ന് നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോൾ എന്തെങ്കിലും ആവശ്യം വന്നിട്ടാകും വിളിക്കുന്നത്.
മുമ്പ് ആസിഫിന് ഫോൺ വിളിച്ചാൽ എടുക്കാത്ത സ്വഭാവമുണ്ടായിരുന്നു. നമ്മൾ വിളിച്ചാലും കോൾ എടുക്കില്ല. അവന്റെ ഫോൺ എപ്പോഴും സൈലന്റായിരിക്കും. പക്ഷേ, ഒരിക്കൽ രാത്രി രണ്ട് മണിക്ക് ആസിഫ് എന്നെ വിളിച്ചു. ഞാൻ ഫോൺ എടുത്തതും ഉമ്മാക്ക് സുഖമില്ല, സൺറൈസ് ഹോസ്പിറ്റലിൽ കൊണ്ട് പോകണം, ഒന്ന് എന്തെങ്കിലും ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ പരിചയമുള്ളവരെയൊക്കെ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കി കൊടുത്തു.
പിറ്റേദിവസം രാവിലെ ഞാൻ അവനെ അങ്ങോട്ട് വിളിച്ചു, ഇതുപോലെ എന്റെ അമ്മച്ചിക്ക് ഒരു അസുഖം വന്നിട്ട് ഞാൻ നിന്നെ വിളിച്ചാൽ കിട്ടില്ല, കാരണം നീ ഫോൺ സൈലന്റാക്കും എന്ന് പറഞ്ഞു. ഇതുപോലെ പരസ്പരം സഹായിക്കാൻ വേണ്ടിയാണ് ഫോൺ വിളിച്ചാൽ എടുക്കണമെന്ന് പറയുന്നത്. ചിലപ്പോൾ സ്വന്തം ആളുകൾ എന്തെങ്കിലും ആവശ്യത്തിന് വിളിക്കില്ലേ. അപ്പോൾ ഫോൺ എടുത്താലേ പറ്റൂ. ആ സംഭവത്തിന് ശേഷം ആസിഫിന് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. അത് ആസിഫിനോട് ചോദിക്കുന്നതാകും നല്ലത്’, ലാൽ പറഞ്ഞു.