Nivin Pauly: ഇത് ഒന്നൊന്നര തിരിച്ചുവരവാകും; ലോകേഷിന്റെ ‘എല്‍സിയു’വിൽ നിവിൻ പോളി, ഔദ്യോഗിക പ്രഖ്യാപനം എത്തി
Nivin Pauly in Lokesh Kanagaraj’s LCU: ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. 'വാൾട്ടർ' എന്ന ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്.
കാർത്തി നായകനായ ‘കൈതി’ എന്ന സിനിമയിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എൽ സിയുവിലെ ഏറ്റവും പുതിയ ചിത്രമായ ‘ബെൻസി’ൽ മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളിയും. കഴിഞ്ഞ ദിവസം, ചിത്രത്തിന്റെ അണിയറ പ്രവത്തർക്കർ ഇന്ന് (ജൂൺ 4) ഒരു പ്രധാന കാസ്റ്റ് റിവീൽ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, വരുന്നത് നിവിൻ പോളി ആണോയെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. ‘വാൾട്ടർ’ എന്ന ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. നിവിന്റെ കരിയറിലെ വലിയ വഴിത്തിരിവായി ഈ വില്ലൻ വേഷം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’, തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ഈ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ALSO READ: ‘ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി ആ സംവിധായകനെ അടിച്ചതാണ്; സഹിക്കാൻ പറ്റാത്ത അനുഭവങ്ങളുണ്ടായി’
മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോർജ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഫിലോമിൻ രാജാണ്. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിൽ പുതുതായി ‘ബെൻസ്’ കൂടി ചേരും. ‘കൈതി 2’, ‘വിക്രം 2’, ‘സ്റ്റാൻറ് എലോൺ ചിത്രമായ റോളക്സ്’ എന്നിവയായിരിക്കും ഇനി എൽസിയുവിൽ ഉണ്ടാവുക എന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് നിർവഹിക്കുന്നത് ബ്രിങ് ഫോർത്ത് ആണ്.