Operation Numkhor: ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു; കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് സമൻസ്
Dulquer Salmaan Car In Custody: ഓപ്പറേഷൻ നുംഖോറിൽ ദുൽഖർ സൽമാൻ്റെ വീട്ടിൽ നിന്നും അമിത് ചക്കാലക്കലിൻ്റെ വീട്ടിൽ നിന്നും വാഹനങ്ങൾ പിടിച്ചെടുത്തു. ഈ വാഹനങ്ങൾ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാൻ്റെ വീട്ടിൽ നിന്ന് കസ്റ്റംസ് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ സ്വയം ഹാജരാക്കണമെന്ന സമൻസും നൽകിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനങ്ങൾ നികുതിവെട്ടിച്ച് വാങ്ങിയെന്ന ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ദുൽഖർ സൽമാൻ, പൃഥിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വീടുകളിൽ പരിശോധന നടത്തിയത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലാൻഡ് റോവർ കാറാണ് ദുൽഖറിൻ്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈ വാഹനം കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അമിത് ചക്കാലക്കലിൻ്റെ വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതും കൊച്ചി കസ്റ്റംസ് ഓഫീസിലുണ്ട്. ദുൽഖറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രണ്ടാമത്തെ വാഹനത്തിൽ സ്ഥിരീകരണമില്ല. പൃഥ്വിരാജിൻ്റെ വസതിയിൽ നിന്ന് വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. അമിത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അധികൃതർ ആരോപിച്ചു. എന്നാൽ, താൻ ഭൂട്ടാനിൽ നിന്ന് വാഹനം വാങ്ങിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും താരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ നുംഖോറിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നതിനായി കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണും.
ഭൂട്ടാനിൽ നിന്ന് എട്ട് തരം കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചു എന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. ഭൂട്ടാൻ പട്ടാളം ഉപയോഗിച്ചിരുന്ന വാഹനങ്ങൾ കുറഞ്ഞ തുകയിൽ ലേലത്തിനെടുത്ത് വൻ വിലയിൽ മറിച്ചുവിൽക്കുകയാണ് രീതി. നികുതി അടയ്ക്കാതെ രാജ്യത്തേക്ക് കടത്തി ഹിമാചൽ പ്രദേശിൽ എത്തിച്ചാണ് ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. താരങ്ങൾ നേരിട്ട് വാങ്ങിയാൽ ഇവർക്കെതിരെ നടപടിയുണ്ടാവും.