Sandeep Pradeep: ‘നായകന്റെ റോളിലേക്കാണ് എന്നെ വിളിച്ചത്, പക്ഷേ സിനിമ അനൗൺസ് ചെയ്തപ്പോൾ എന്റെ പേരില്ല’; സന്ദീപ് പ്രദീപ്
Padakkalam Star Sandeep Pradeep: കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. ഒരു സിനിമയിൽ തന്നെ നായകന്റെ റോളിലേക്ക് വിളിച്ചിരുന്നെന്നും എന്നാൽ അനൗൺസ് ചെയ്തപ്പോൾ തന്റെ പേരില്ലായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
മലയാള സിനിമയിലെ പുത്തൻ താരോദയമാണ് സന്ദീപ് പ്രദീപ്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ശേഷം ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു സിനിമയിൽ തന്നെ നായകന്റെ റോളിലേക്ക് വിളിച്ചിരുന്നെന്നും എന്നാൽ അനൗൺസ് ചെയ്തപ്പോൾ തന്റെ പേരില്ലായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. കാർത്തിക സൂര്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഷോർട്ട് ഫിലിംസൊക്കെ ചെയ്ത് നടക്കുന്ന സമയത്ത് എനിക്ക് ഒരു സിനിമയിലേക്ക് വിളി വന്നു. എല്ലാവർക്കും അറിയാവുന്ന സിനിമയാണത്. ആ പടത്തിന്റെ ഹീറേ ആയിട്ടായിരുന്നു വിളിച്ചത്. എനിക്ക് വളരെയധികം സന്തോഷമായി. കാരണം, ആദ്യത്തെ സിനിമയിൽ തന്നെ നായകനായിട്ടാണല്ലോ അവസരം കിട്ടിയതെന്ന് സന്തോഷിച്ചു.
പിന്നീട് ആ സംവിധായകന്റെ സിനിമയുടെ സെറ്റിലേക്ക് പോയി, കണ്ട് സംസാരിച്ചു. ആ പടത്തിൽ എന്തെങ്കിലും റോളുണ്ടോ എന്ന് ചോദിച്ചപ്പോൾ ടൈറ്റ് കാസ്റ്റാണ്, സാരമില്ല അടുത്ത പടം നമ്മൾ തമ്മിലല്ലേ, നായകനല്ലേ, അത് സെറ്റാക്കാം എന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് ഒരു ന്യൂസ് കണ്ടു. ഈ സംവിധായകൻ കുറച്ച് ആളുകളെ വച്ച് ഒരു പടം ചെയ്യുന്നുവെന്ന്, അതിൽ എൻ്റെ പേരില്ലായിരുന്നു. എനിക്ക് കൺഫ്യൂഷനായി.
ഞാൻ അദ്ദേഹത്തെ വിളിച്ച് ചോദിച്ചു. പ്രൊഡക്ഷൻ സൈഡിൽ നിന്ന് പറഞ്ഞത് കൊണ്ട് മാറ്റിയതാണ്. നീ ഒരു കാര്യം ചെയ്യ്, ഓഡീഷന് വായോ അതിൽ നോക്കാം എന്ന് പറഞ്ഞു. എനിക്ക് വിഷമമായി. കാരണം ഒരു സിനിമ ഒരു പ്രതീക്ഷ തന്നതാണല്ലോ’ സന്ദീപ് പ്രദീപ് പറഞ്ഞു.