Danger – Param Sundari: എഴുത്തച്ഛൻ ജന്മം നൽകിയ ഈ ആധുനിക ഭാഷയുടെ വധം… പരംസുന്ദരിയിലെ ഡെയ്ഞ്ചർ സോങ്ങും എയറിൽ
Param Sundari' New Song Danger : ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങൾ എല്ലാം ഡേഞ്ചർ ആണല്ലോ' എന്ന പോലുള്ള വരികൾ മലയാളത്തെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ട്രോളന്മാർ ഏറ്റെടുത്തു.
തിരുവനന്തപുരം: മലയാളത്തിന്റെ പ്രയോഗത്തിലെ പ്രശ്‌നം കൊണ്ടും മലയാളത്തനിമ പ്രയോഗിക്കുന്നതിലെ അപാകം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ട പരം സുന്ദരി’ എന്ന ചിത്രം വീണ്ടും എയറിൽ. സിനിമയിലെ പുതിയ ഗാനത്തിനും മറ്റ് പ്രൊമോഷണൽ വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾ ലഭിക്കുന്നുണ്ട്.
സിനിമയിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന മലയാളി കഥാപാത്രത്തിന്റെ സംസാരരീതിയും ഡയലോഗുകളുമാണ് ട്രോളുകൾക്ക് പ്രധാന കാരണം.
ഇപ്പോൾ പുതിയ പാട്ടായ ‘ഡെയ്ഞ്ചർ’ റിലീസ് ചെയ്തപ്പോൾ അതിലെ മലയാളം വരികളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങൾ എല്ലാം ഡേഞ്ചർ ആണല്ലോ’ എന്ന പോലുള്ള വരികൾ മലയാളത്തെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ട്രോളന്മാർ ഏറ്റെടുത്തു. ‘ഗൂഗിൾ ട്രാൻസ്ലേറ്റർ വരികൾ’ എന്നും ‘മലയാളത്തെ കൊല്ലരുതേ’ എന്നും പറഞ്ഞ് നിരവധി ട്രോളുകൾ പ്രചരിക്കുന്നുണ്ട്.
ഈ സിനിമയിലെ മലയാളം ഡയലോഗുകളും കഥാപാത്രത്തിന്റെ പേരും നേരത്തെ തന്നെ ട്രോളുകൾക്ക് വിഷയമായിരുന്നു. സിനിമയിലെ മലയാളം സംഭാഷണങ്ങൾ കൃത്യതയില്ലാത്തതും കൃത്രിമവുമാണെന്ന് പ്രേക്ഷകർ വിമർശിക്കുന്നു. ഇത് ‘ചെന്നൈ എക്‌സ്പ്രസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ മലയാളികൾ ട്രോൾ ചെയ്തതിനെയാണ് ഓർമ്മിപ്പിക്കുന്നത്.
ജാൻവി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘തെക്കേപ്പാട്ട് സുന്ദരി’ എന്നാണ്. ‘തേക്കുക’ എന്നാണ് ഇത് പറയുമ്പോൾ കേൾക്കുന്നത്. തേക്കുക എന്ന വാക്ക് മലയാളത്തിൽ ‘ചതിക്കുക’ എന്ന അർത്ഥത്തിൽ സാധാരണയായി ഉപയോഗിക്കുന്നതാണല്ലോ.. അതുകൊണ്ടുതന്നെ ഈ പേര് വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ചേർന്ന്, സിനിമയുടെ ട്രെയിലറിനും പാട്ടുകൾക്കും വ്യാപകമായ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.