Jasmine Jaffar: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പരാതി
Jasmin Jaffar Guruvayur Temple Reel: ജാസ്മിൻ ജാഫറുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീൽ പോസ്റ്റ് ചെയ്തിരുന്നത്. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ താരം കാൽ കഴുകുന്നത് കാണാം
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ വച്ച് റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പോലീസിൽ പരാതി നൽകിയത്. പരാതി പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള നടപ്പുരയിലും താരം റീൽസ് ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.
ജാസ്മിൻ ജാഫറുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീൽ പോസ്റ്റ് ചെയ്തിരുന്നത്. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ, ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിൽ താരം കാൽ കഴുകുന്നത് കാണാം. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഹിന്ദുക്കൾക്ക് ആ കുളത്തിൽ ഇറങ്ങാൻ അനുമതിയുമില്ല. എന്നാൽ, അനുമതി ഇല്ലാതെയാണ് ജാസ്മിൻ ക്ഷേത്ര കുളത്തിൽ റീൽസ് ചിത്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയത്.
ALSO READ: എഴുത്തച്ഛൻ ജന്മം നൽകിയ ഈ ആധുനിക ഭാഷയുടെ വധം… പരംസുന്ദരിയിലെ ഡെയ്ഞ്ചർ സോങ്ങും എയറിൽ
മതവികാരം വ്രണപ്പെടുത്തിയെന്നും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ പറയുന്നു. നിയമ വശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം കേസെടുക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ജാസ്മിൻ ജാഫർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ, ഇത്തരത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോഴിക്കോട് സ്വദേശിക്കെതിരെയും ദേവസ്വം പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.