AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivek Gopan: ‘ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് രാജമൗലിയുടെ ടീമില്‍ നിന്നും വിളിച്ചു, ഞാൻ കട്ടപ്പയുടെ ഡയലോഗ് പറഞ്ഞു’: വിവേക് ഗോപൻ

Vivek Gopan Malayalam Television Actor: സെറ്റില്‍ നിന്ന് തിരിച്ചെത്തി ഞാന്‍ നേരെ പോയത് ജിമ്മിലേക്കാണ്. കാരണം മൈന്‍ഡ് ഡൗണായി പോകാതിരിക്കാനായിരുന്നു അത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ മഹേഷേട്ടന്‍ വിളിച്ച് ഒരുപാട് സോറി പറഞ്ഞു. പുള്ളി ഭയങ്കര കരച്ചിലായിരുന്നു, അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ അത്, മരണം മുന്നില്‍ കാണുമ്പോള്‍ ആരും അങ്ങനയേ പ്രതികരിക്കൂ. പക്ഷെ ഞാന്‍ ജിമ്മിലാണെന്ന് പറഞ്ഞപ്പോള്‍ ഇത്രേം വലിയ സംഭവമുണ്ടായിട്ടും നീ ജിമ്മിലാണോ, മനുഷ്യനാണോ എന്നാണ് പുള്ളി എന്നോട് ചോദിച്ചത്

Vivek Gopan: ‘ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് രാജമൗലിയുടെ ടീമില്‍ നിന്നും വിളിച്ചു, ഞാൻ കട്ടപ്പയുടെ ഡയലോഗ് പറഞ്ഞു’: വിവേക് ഗോപൻ
വിവേക് ഗോപൻ (Image Courtesy : Vivek Gopan Instagram)
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 18 Nov 2024 | 07:50 PM

പഴയ സീരിയലുകളും സിനിമകളുമെല്ലാം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന സമയമാണിത്. 2013ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലും വീണ്ടും ആളുകളിലേക്കെത്തി. സീരിയല്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സന്തോഷിക്കുന്ന ഒരാളാളുണ്ടിവിടെ, വിവേക് ഗോപന്‍ അഥവാ പരസ്പരത്തിലെ സൂരജ്. സീരിയല്‍ വീണ്ടും ചര്‍ച്ചയാകുന്ന തനിക്ക് ഗുണം ചെയ്തൂവെന്നാണ് വിവേക് പറയുന്നത്. തന്റെ പുതിയ വിശേഷങ്ങളും വര്‍ക്ക് ഔട്ടിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് വിവേക് ടിവി9 ഡയലോഗ് ബോക്‌സിലൂടെ.

അഡിക്ഷനാണ് ഇപ്പോള്‍

ഞാനൊരു പത്ത് വര്‍ഷമായി ജിമ്മില്‍ പോകുന്നുണ്ട്. ആര്‍ക്കും ട്രെയിനിങ് ഒന്നും കൊടുക്കുന്നില്ല, എന്നാല്‍ ജിമ്മില്‍ കൂടെ ഉള്ളവര്‍ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ അത് തിരുത്തി കൊടുക്കാറെല്ലാമുണ്ട്. ഞാന്‍ ജിമ്മില്‍ പോകുന്നതിന് പ്രധാന കാരണം എന്റെ ശരീരം നന്നായി സൂക്ഷിക്കുക എന്ന ഉദ്ദേശമാണ്. എവിടെ എങ്കിലും പോയി നില്‍ക്കുമ്പോഴും അല്ലെങ്കില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോഴും നമുക്ക് തന്നെ നമ്മളില്‍ ഒരു കോണ്‍ഫിഡന്‍സ് കുറവ് തോന്നാന്‍ പാടില്ലല്ലോ. ഇതിനെല്ലാമാണ് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഒരു അഡിക്ഷനായി മാറി. ഇപ്പോള്‍ ഷൂട്ട് നടക്കുന്നത് പാലക്കാടാണ്. ഞാനിപ്പോള്‍ എവിടെ ഷൂട്ടിന് പോയാലും റൂം എടുക്കുന്നതിന് മുമ്പ് നോക്കുന്നത് ജിം ഉണ്ടോ എന്നാണ്. ഒരു ദിവസം പോലും ജിമ്മില്‍ പോകാതിരിക്കാന്‍ എനിക്ക് സാധിക്കില്ല.

വിവേക് ഗോപന്‍ (Image Credits: Instagram)

ആ വിളിയും കാത്ത്

കണ്ണൂരുള്ള സിനിമ കണ്‍ട്രോളര്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, രാജമൗലിയുടെ ടീമില്‍ നിന്ന് ഒരു എന്‍ക്വയറി വന്നിട്ടുണ്ട്. അവര്‍ക്ക് നമ്പര്‍ കൊടുക്കട്ടെ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ചേട്ടാ ഇത് സത്യമാണോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. തെലുഗ് സിനിമ കേരളത്തില്‍ വരുന്ന സമയത്ത് ലോക്കല്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്ന ആളാണ് ആ ചേട്ടന്‍. അങ്ങനെ അദ്ദേഹം നമ്പറ് കൊടുത്ത് ഡുഡ്ഡുഗാരു എന്ന് പേരുള്ള ഒരാള്‍ എന്നെ വിളിച്ചു. ബാഹുബലി സെക്കന്റ് പാര്‍ട്ടില്‍ കട്ടപ്പ പറയുന്ന ഡയലോഗ് കുറച്ച് ഡ്രാമാറ്റിക് ആയി പറയാനുള്ള ടാസ്‌കും തന്നു. അങ്ങനെ അതെല്ലാം കൊടുത്തു, അത് കഴിഞ്ഞ് എന്റെ വയസ്, ഭാരം, ഉയരം എല്ലാം ചോദിച്ചു, വി വില്‍ ഗെറ്റ് ബാക്ക് ടു യു എന്നും പറഞ്ഞു. എന്നാല്‍ അതിന് ശേഷം ഒന്നും ഉണ്ടായിട്ടില്ല, നമ്മളെ വേണ്ടാന്ന് വെച്ചതാകാം ചിലപ്പോള്‍. അവരുടേത് അല്‍പം സ്ലോ പ്രോസസ് ആണെന്ന് എല്ലാവരും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോസ് കണ്ടിട്ടാണ് എന്നെ കോണ്‍ടാക്ട് ചെയ്തതെന്നാണ് അവര് പറഞ്ഞത്.

Also Read: Bharatanatyam Movie: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു

ഇത് രണ്ടാം ജന്മം

മധുരനൊമ്പരക്കാറ്റ് എന്ന സീരിയലില്‍ എന്റെ അമ്മാവനായി അഭിനയിക്കുന്നത് മഹേഷേട്ടനാണ്. വെള്ളത്തില്‍ ചാടുന്ന സീനായിരുന്നു, രണ്ടുപേര്‍ക്കും നീന്തല്‍ അറിയാം. ഒരു അമ്പലകുളത്തില്‍ വെച്ചായിരുന്നു ഷൂട്ട്, കുളത്തിന് അല്‍പം ആഴമുണ്ടായിരുന്നു. ആദ്യം മഹേഷേട്ടന്‍ വെള്ളത്തിലേക്ക് ചാടി അദ്ദേഹത്തെ രക്ഷിക്കാനായാണ് ഞാന്‍ വെള്ളത്തിലേക്ക് ചാടുന്നത്. എന്നാല്‍ ഞാന്‍ ചാടിയത് അദ്ദേഹത്തിന്റെ നേരെ മുന്നിലേക്കായി. വെള്ളത്തിന്റെ ഒഴുക്കില്‍ അദ്ദേഹം പുറകിലേക്ക് പോയി, ആ മേഖല നാലാള്‍ താഴ്ചയുള്ളതാണ്. കാല്‍ തറയില്‍ തട്ടാതെ മഹേഷേട്ടന്‍ കാലും കയ്യും അടിച്ച് രക്ഷപ്പെടാന്‍ എന്നെ പിടിച്ച് താഴ്ത്തി. എനിക്ക് മുകളിലേക്ക് വരാന്‍ പറ്റുന്നില്ല. എന്നാല്‍ ക്രൂ വിചാരിച്ചത് ഞങ്ങള്‍ അഭിനയിക്കുകയാണെന്നാണ്. എന്നാല്‍ രണ്ടര മിനിറ്റ് കഴിഞ്ഞിട്ടും ഞാന്‍ മുകളിലേക്ക് വരാതായതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം വെള്ളത്തിലേക്ക് എടുത്തുച്ചാടി. ഈ സംഭവം വലിയ ഷോക്കായി പോയി, രണ്ടാം ജന്മം കിട്ടിയതുപോലെയായിരുന്നു എനിക്ക്. സെറ്റില്‍ നിന്ന് തിരിച്ചെത്തി ഞാന്‍ നേരെ പോയത് ജിമ്മിലേക്കാണ്. കാരണം മൈന്‍ഡ് ഡൗണായി പോകാതിരിക്കാനായിരുന്നു അത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ മഹേഷേട്ടന്‍ വിളിച്ച് ഒരുപാട് സോറി പറഞ്ഞു. പുള്ളി ഭയങ്കര കരച്ചിലായിരുന്നു, അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ അത്, മരണം മുന്നില്‍ കാണുമ്പോള്‍ ആരും അങ്ങനയേ പ്രതികരിക്കൂ. പക്ഷെ ഞാന്‍ ജിമ്മിലാണെന്ന് പറഞ്ഞപ്പോള്‍ ഇത്രേം വലിയ സംഭവമുണ്ടായിട്ടും നീ ജിമ്മിലാണോ, മനുഷ്യനാണോ എന്നാണ് പുള്ളി എന്നോട് ചോദിച്ചത് (ചിരി).

പരസ്പരം സീരിയലില്‍ നിന്നുള്ള രംഗം (Image Credits: Screengrab)

ട്രോളുകള്‍ ആസ്വദിക്കുന്നു

പരസ്പരം സീരിയല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനെ വളരെ പോസിറ്റീവായാണ് ഞാനെടുക്കുന്നത്. കാരണം ഒരുപാട് പേര്‍ എന്നെ ഫോളോ ചെയ്യാന്‍ തുടങ്ങി, സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ വേറെ സീരിയലുകള്‍ ചെയ്യുന്നത് ആരും അറിയുന്നില്ല, എല്ലാവരും ഏഷ്യാനെറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. നമ്മള്‍ എന്ത് ചെയ്താലും അതെല്ലാം കുറച്ച് കാലത്തേക്ക് മാത്രമാണ്. പണ്ട് നമ്മള്‍ ചെയ്തത് ഇപ്പോള്‍ കാണുമ്പോള്‍ അയ്യേ എന്ന് തോന്നും. അന്ന് ഞാന്‍ ഇങ്ങനെയായിരുന്നോ, എന്ത് വൃത്തിക്കേടാണ് എന്നെ കാണാന്‍, ഇപ്പോള്‍ കുറച്ചുകൂടെ നന്നായിട്ടുണ്ട് എന്നെല്ലാം തോന്നും. സൂരജും ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന മധുരനൊമ്പരക്കാറ്റിലെ ഹരിയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആ സമയത്ത് സൂരജ് എന്നൊരു കഥാപാത്രത്തിന് വേണ്ട രീതിയും കാര്യങ്ങളും അതായിരുന്നു. പക്ഷെ, അതേ രീതിയില്‍ ഇന്ന് ഒരു കഥാപാത്രം ഉണ്ടാവുകയും അല്ലെങ്കില്‍ അങ്ങനെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കില്ല. കാലം മാറുന്നതിന് അനുസരിച്ച് എല്ലാം മാറും, പിന്നെ ട്രോളുകളെ എല്ലാം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. അത് ഉണ്ടാക്കുന്ന ആളുകള്‍ക്കും ഒരു കലയുണ്ടല്ലോ. കോമഡി രീതിയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാനും അതേ രീതിയില്‍ മറുപടി കൊടുക്കാറുണ്ട്.

Also Read: Bougainvillea Movie: എൻ്റെ 12 വർഷ്തത്തെ സ്വപ്നം: ബോഗയ്ൻവില്ലയെ പറ്റി ലാജോ ജോസ്

കലയില്‍ രാഷ്ട്രീയമില്ല

ബിജെപി അനുഭാവിയാണ് ഞാന്‍, അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സെറ്റില്‍ ഞാനൊരിക്കലും രാഷ്ട്രീയം കൊണ്ടുവരാറില്ല. കലയില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്താറില്ല, കല വേറെ രാഷ്ട്രീയം വേറെ. എല്ലാവര്‍ക്കും അവരവരുടേതായിട്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും തെറ്റ് ചെയ്യുമ്പോള്‍ ഞാനത് ചൂണ്ടിക്കാണിക്കാറുണ്ട്. അവര്‍ക്ക് നമ്മളോട് തിരിച്ച് പറയാനുള്ള അവകാശവുമുണ്ട്. എന്നാല്‍ അത് മറ്റൊരാളെ വേദനിപ്പിക്കാനോ അല്ലെങ്കില്‍ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ദുരുദ്ദേശത്തോടെ പറയാനോ പാടില്ല. മറ്റൊരാളെ തകര്‍ക്കാനുള്ള പരിപാടികള്‍ ഞാന്‍ ചെയ്യാറില്ല. പാര്‍ട്ടി നോക്കിയല്ല കലയില്‍ അവസരം നല്‍കേണ്ടത്, കല എന്നല്ല ഏത് ജോലിയിലും രാഷ്ട്രീയം കയറി വരരുത്. സിസിഎല്ലില്‍ ഞാനും ബിനീഷ് കോടിയേരിയും ഒരുമിച്ച് ഒരു ടീമിനായി കളിക്കാറുണ്ട്, അവിടെ രാഷ്ട്രീയം നോക്കിയല്ല നമ്മള്‍ കളിക്കുന്നത്.