Dies Irae: ആ അച്ഛന്റെ മകനല്ലേ, പിന്നെ എങ്ങനെയിത് സംഭവിക്കാതിരിക്കും? ഡീയസ് ഈറെയില്‍ പ്രണവ് തീയാണ്‌

Pranav Mohanlal Dies Irae Acting Review: ഹൊറര്‍ ഴോണര്‍ നന്നായി തന്നെ കൈകാര്യം പ്രണവിന് സാധിക്കുന്നുണ്ട്. ആദി സിനിമ കണ്ടത് ഓര്‍ക്കുന്നില്ലേ? ഇത്രമേല്‍ പാവമായൊരു പയ്യന്‍, എന്നാല്‍ ആ പയ്യന്‍ ഇന്നത്ര പാവമല്ല, ഭയത്തോടൊപ്പം കണ്ണുകളില്‍ തീക്ഷണതയും ഒളിപ്പിച്ച് സീനുകളെ കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

Dies Irae: ആ അച്ഛന്റെ മകനല്ലേ, പിന്നെ എങ്ങനെയിത് സംഭവിക്കാതിരിക്കും? ഡീയസ് ഈറെയില്‍ പ്രണവ് തീയാണ്‌

പ്രണവ് മോഹന്‍ലാല്‍

Updated On: 

01 Nov 2025 20:08 PM

2018 ജനുവരി 26, ഈ ദിവസം ഒരു ശരാശരി മോഹന്‍ലാല്‍ ആരാധകന്‍ എങ്ങനെ മറക്കും? ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുന്ന ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധികമാര്‍ ആ ദിവസം നന്നായി ഓര്‍ത്തിരിക്കുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ആദി എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രണവിന്റെ അഭിനയ മികവ് കാണാന്‍, അച്ഛനൊപ്പം മകന്‍ വളരുമോ എന്നറിയാന്‍, വിമര്‍ശിക്കാന്‍, പ്രശംസിക്കാന്‍ അങ്ങനെയെങ്ങനെ വിവിധങ്ങളായ ആവശ്യങ്ങളുമായെത്തിയ കാണികളോടൊപ്പം അവരും ചേര്‍ന്നു.

പ്രണവിന്റെ ചാട്ടവും ഓട്ടവും ഇടിയുമെല്ലാം അവര്‍ക്കും നന്നായി രസിച്ചു. കോഴിക്കോട് കോറനേഷന്‍ തിയേറ്റര്‍ മുതല്‍, മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് വരെയുള്ള തിരിച്ചുള്ള യാത്രയില്‍ അവര്‍ സംസാരിച്ചതെല്ലാം ആദിയെ കുറിച്ചാണ്. കഥാപാത്രത്തെക്കാളുപരി, പ്രണവിന്റെ ഭാഗ്യത്തെ കുറിച്ച്, പ്രണവിന്റെ അച്ഛനെ കുറിച്ച്, പ്രണവിന്റെ കുടുംബത്തെ കുറിച്ച്, അതിനിടയ്ക്ക് വല്ലപ്പോഴും പ്രണവിന്റെ അഭിനയത്തെ കുറിച്ചും പരാമര്‍ശിക്കപ്പെട്ടു.

എന്നാല്‍ പറയത്തക്ക അഭിനയ മികവ് അന്ന് അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ആ കോളേജ് കുമാരികള്‍ വളര്‍ന്നു, ജോലിക്കാരായി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ ആദിയെ കുറിച്ച് സംസാരിക്കുന്നു, ക്ലാസ് കട്ട് ചെയ്തു കാണാന്‍ പോയ സിനിമകളെ കുറിച്ച് സംസാരിക്കുന്നു. ഇന്നവര്‍ക്ക് പറയാനുള്ളത്, അവരോടൊപ്പം തന്നെ വളര്‍ന്ന പ്രണവിന്റെ അഭിനയത്തെ കുറിച്ചാണ്.

അവരെപ്പോലെ പ്രണവാകെ മാറിയിരിക്കുന്നു, സിനിമകളെ ആഴത്തില്‍ മനസിലാക്കാന്‍ പഠിച്ചിരിക്കുന്നു, കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാന്‍ പഠിച്ചിരിക്കുന്നു. ഓരോ മോഹന്‍ലാല്‍ ആരാധകരും കാത്തിരുന്ന സുദിനമല്ലേ യഥാര്‍ത്ഥത്തില്‍ ഡീയസ് ഈറെയിലൂടെ സംഭവിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തര്‍ക്കും പറയാനുള്ളത്, എന്തിനാണ് ഇനി പ്രണവ് മോഹന്‍ലാല്‍ എന്ന് പറയുന്നത്, പ്രണവ് എന്ന് പറയുന്നത് തന്നെ ധാരാളമെന്നാണ്. അതേ അയാള്‍, അയാള്‍ക്കുള്ളിലെ നടനെ മിനുക്കിയെടുത്തിരിക്കുന്നു.

സിനിമയിലെ ഓരോ രംഗത്തിലും, സംഭാഷണങ്ങളാകട്ടെ നിശബ്ദതയാകട്ടെ അയാള്‍ ജീവിക്കുകയാണ്. നോട്ടം കൊണ്ടും ഭാവം കൊണ്ടും കൃത്യമായ സന്ദേശം പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ഡീയസ് ഈറെയില്‍ പ്രണവിന് സാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ മോഹന്‍ലാലിനോട് കിടപിടിക്കുന്ന തരത്തിലുള്ള നോട്ടങ്ങള്‍ നല്‍കാന്‍ പോലും പ്രണവിനായി.

തുടക്കം മുതല്‍ക്കെ അച്ഛനുമായുള്ള താരതമ്യം പ്രണവ് സിനിമകള്‍ക്ക് ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇന്നങ്ങനെയല്ല, മോഹന്‍ലാല്‍ കഴിഞ്ഞാല്‍, ഇല്ല കഴിയുന്നില്ലെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ പ്രണവ് നടത്തുന്ന യാത്രകളും, അയാള്‍ നയിക്കുന്ന ജീവിതവും തന്നെയാകാം ഇത്രയേറെ ഒരുമാറ്റത്തിന് വഴിവെച്ചതും. തുടങ്ങിയയിടത്ത് തന്നെ എക്കാലവും നില്‍ക്കേണ്ടി വരുന്ന നെപ്പോകിഡുകളെ അപേക്ഷിച്ച്, പ്രണവ് വ്യത്യസ്തനാണ്, അയാളേറെ മാറി.

ഹൊറര്‍ ഴോണര്‍ നന്നായി തന്നെ കൈകാര്യം ചെയ്യാൻ പ്രണവിന് സാധിക്കുന്നുണ്ട്. ആദി സിനിമ കണ്ടത് ഓര്‍ക്കുന്നില്ലേ? ഇത്രമേല്‍ പാവമായൊരു പയ്യന്‍, എന്നാല്‍ ആ പയ്യന്‍ ഇന്നത്ര പാവമല്ല, ഭയത്തോടൊപ്പം കണ്ണുകളില്‍ തീക്ഷണതയും ഒളിപ്പിച്ച് സീനുകളെ കൈകാര്യം ചെയ്യാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ, ആവര്‍ത്തന വിരസതയില്ലാതെ രോഹന്‍ എന്ന കഥാപാത്രത്തെ പ്രണവ് അനായാസം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

നീലിയും ഗംഗയും ഭാര്‍ഗ്ഗവിയുമെല്ലാം സൃഷ്ടിച്ച ഭീതിയില്‍ നിന്ന് മലയാളികള്‍ ഇന്നും കരകയറിയിട്ടില്ല. ആ ഭീതിയെ അതുപോലെ പിടിച്ച് ന്യൂജെന്‍ കുപ്പിയിലാക്കി വിളമ്പിയിരിക്കുകയാണ് രാഹുല്‍ സദാശിവന്‍. ഒരിടത്തുപോലും കണ്ടുശീലിച്ച പ്രേതപടങ്ങളിലെ ക്ലീഷേ രംഗങ്ങള്‍ ഡീയസ് ഈറെയെ കീഴ്‌പ്പെടുത്തിയില്ല. പുതിയ രംഗങ്ങള്‍, പുതിയ ആശയങ്ങള്‍, പുതിയ സംഗീതം, എല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്‌ പുതുമ മാത്രം. പശ്ചാത്തല സംഗീതം തീര്‍ത്ത ഭയത്തോളം മറ്റെന്തുണ്ടെന്ന് ചോദിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും. ഭയപ്പെടാനൊന്നുമില്ല, എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നിടത്ത് പശ്ചാത്തല സംഗീതം കാഴ്ചക്കാരനെ കൊണ്ടുചെന്നെത്തിക്കുന്നത് ഭീതിയുടെ അത്യുന്നതങ്ങളിൽ.

ആത്മാവില്ലാതെ, എങ്ങനെ ആത്മാവിനെ കണ്ട് പേടിക്കും, എന്ന ചോദ്യവും ഡീയസ് ഈറെ പൊളിച്ചെഴുതുന്നുണ്ട്. പേരിന് ഒരിടത്ത് മാത്രമാണ്, പ്രേതമെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു രൂപം പ്രണവിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ഒരു മിന്നായം പോലെ, പിന്നെയെല്ലാം നിഴലുകളാണ്, അതിനപ്പുറം പ്രണവില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്.

Also Read: Dies Irae: ഉഗ്ര കോപത്തിന്റെ ദിനം, മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും; എന്താണ് ഡീയെസ് ഈറെ?

പ്രേക്ഷകരില്‍ ഭീതിയുണ്ടാക്കാന്‍ കേവലം നിഴല്‍ തന്നെ ധാരാളമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തെളിയിച്ചു. മാത്രമല്ല, ഭാര്‍ഗ്ഗവീനിലയം, ലിസ, ആകാശഗംഗ, മേഘസന്ദേശം, ഭൂതകാലം, ഭ്രമയുഗം തുടങ്ങിയ ഹിറ്റ് പ്രേത ചിത്രങ്ങളില്‍ കണ്ട പടുകൂറ്റന്‍ കൊട്ടാരവും വെള്ളസാരിയും ഇവിടെ നിങ്ങള്‍ക്ക് കാണാനാകില്ല. പഴയ തറവാടുകളിലും കാട്ടിലും പനയിലും മാത്രമല്ല, ന്യൂജെന്‍ ആര്‍ക്കിടെക്ടില്‍ ഒരുങ്ങിയ വിശാലമായ വീടും ആത്മാക്കള്‍ക്ക് സൗകര്യപ്രദമെന്ന് സിനിമ തെളിയിക്കുന്നു.

ഇവിടങ്ങളിലെല്ലാം എടുത്ത് പറയേണ്ടത് പ്രണവിന്റെ പേര് തന്നെയാണ്, നേര്‍ക്കുനേര്‍ നിന്ന് അഭിനയിക്കാന്‍ അല്ലെങ്കില്‍ ഭയപ്പെടുത്താന്‍ ആളില്ലാതെ, ഭയം, ദേഷ്യം, വേദന ഇതെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ ആ നടന് സാധിക്കുന്നു. പ്രണവിന്റെ രണ്ടാം വരവെന്ന് ഡീയസ് ഈറെയെ നിസംശയം പറയാം.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും