Priyanka Chopra: ‘വിവാഹത്തിന് കന്യകയെ തേടരുത്’; ആ വാചകത്തിൽ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര
Priyanka Chopra on 'Don't Look for Virgin Wife' Comment: താൻ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഓൺലൈനിൽ ഉണ്ടെന്ന് കരുതി അത് സത്യമാകണം എന്നില്ലെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളിൽ തന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വാചകവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക ചോപ്ര. കന്യകയായ ഭാര്യയെ തേടുന്ന യുവാക്കൾക്കുള്ള പ്രിയങ്ക ചോപ്രയുടെ ഉപദേശം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
“വിവാഹം കഴിക്കാൻ കന്യകയായ ഭാര്യയെ വേണമെന്ന് വാശിപിടിക്കരുത്. നല്ല സ്വഭാവമുള്ള സ്ത്രീകളെ തേടുക. ഒറ്റ രാത്രി കൊണ്ട് കന്യകാത്വം നഷ്ടപ്പെടും. എന്നാൽ, നല്ല സ്വഭാവം എല്ലാ കാലവും നിലനിൽക്കും” എന്ന വാചകമാണ് വൈറലാകുന്നത്. എന്നാൽ, താൻ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഓൺലൈനിൽ ഉണ്ടെന്ന് കരുതി അത് സത്യമാകണം എന്നില്ലെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി:
‘ഇത് ഞാൻ അല്ല, എന്റെ വാചകമോ ശബ്ദമോ അല്ല. ഇത് ഓൺലൈനിലുണ്ടെന്ന് കരുതി സത്യമാകണമെന്നില്ല. ഫേക്ക് കണ്ടന്റുകൾ സൃഷ്ടിക്കുക എന്നതാണ് ഇപ്പോൾ എളുപ്പത്തിൽ വൈറലാകാനുള്ള വഴി. ഇതിനൊപ്പം നൽകിയിരിക്കുന്ന ലിങ്കുകളൊന്നും യഥാർത്ഥമോ വിശ്വസനീയമോ അല്ല. സ്‌ക്രോൾ ചെയ്ത് പോകുമ്പോൾ കാണുന്നതെല്ലാം വിശ്വസിക്കരുത്. സത്യാവസ്ഥകൾ പരിശോധിക്കുക, ഓൺലൈനിൽ സുരക്ഷിതരായിരിക്കുക” എന്നാണ് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്.
അതേസമയം, പ്രിയങ്കയുടെ കരിയറിലേക്ക് വരികയാണെങ്കിൽ, ഇഡ്രിസ് എൽബയും ജോൺ സീനയും ഒന്നിക്കുന്ന ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’ എന്ന ഹോളിവുഡ് ചിത്രമാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ജൂലൈ 2ന് ചിത്രം പ്രദർശനം ആരംഭിക്കും. കൂടാതെ, എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബു നായകനാവുന്ന ‘എസ്എസ്എംബി29’ , ‘ദി ബ്ലഫ്’, ‘സിറ്റാഡൽ സീസൺ 2’ എന്നീ ചിത്രങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
