Pularipoo pole chirichum song: വിചിത്രമായ ഒരു വിധിയുള്ള പാട്ട്… ഇപ്പോൾ റീൽസിലൂടെ ഹിറ്റ്
Pularipoo Pole Chirichum Song from movie Sathyam Paranjal Viswasikkumo: ഇന്നും റീൽസിലൂടെ വിരഹവും വേദനയും പങ്കുവെയ്ക്കാൻ എത്തുന്നവർ ആദ്യം തിരയുന്ന ഗാനം ഇതു തന്നെയാണ്. ആഴ്ന്നിറങ്ങുന്ന വരികളും ആർക്കും പാടാൻ കഴിയുന്ന ഈണവും ഓരോ മനുഷ്യന്റെയും ഉള്ളുലയ്ക്കുന്നതാണെന്നു പറയാതെ വയ്യ.
നീ ചൊല്ലും കഥയിൽ പോലും
ഞാനില്ലെന്നറിയാം…
പുലരിപ്പൂ പോലെ ചിരിച്ചും…
പുഞ്ചപ്പാടക്കാറ്റു വിതച്ചും… നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ…
അടിമുടി വിരഹമാണ്.. പരാതിയാണ്.. വേദനയാണ് അതിനൊടുവിലെ നിസ്സംഗതയാണ് ഈ പാട്ട്. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ പുറത്തു വന്ന ഈ ഗാനം അതിനുമുമ്പേ നമുക്കിടയിലുണ്ട്. ഒരു വിചിത്ര വിധിയുള്ള പാട്ടാണ് അതെന്നു പറയാം. സുജേഷ് ഹരി എഴുതിയ ആ ഗാനം ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനിടെ ഗായിക സിത്താര കൃഷ്ണകുമാർ മകൾക്കൊപ്പം ഈ പാട്ടു പാടിയത് കേട്ടപ്പോൾ സംഗീതലോകവും സോഷ്യൽ മീഡിയയും അതങ്ങ് ഏറ്റെടുത്തു. നേരിന്റെ നിറവുള്ള ഈ പാട്ട് സുജേഷ് ഹരിയെ 2019 ലെ മികച്ച ഗാനരചയിതാവ് ആക്കുക കൂടി ചെയ്തതോടെ കൂടുതൽ ഹിറ്റായി.
റഫറൻസ് ആകാൻ ജനിച്ച പാട്ട് പിന്നീട് സിനിമാഗാനമായി
അവസരം ചോദിച്ചു ചെല്ലുമ്പോൾ റഫറൻസിനായി സ്വന്തം കയ്യിലെ കാശു മുടക്കി പുറത്തിറക്കിയ ആൽബത്തിലേതാണ് ഈ ഗാനമെന്ന് സുജേഷ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ആ ആൽബത്തിലെ ഒരു പാട്ടാണ് ‘തുമ്പപ്പൂ പോലെ ചിരിച്ചും എന്നത്. ആ പാട്ട് അത്യാവശ്യം ക്ലിക്ക് ആയിരുന്നു. ആ പാട്ടുകൾ വച്ച് അവസരം തേടി നടന്നത് എട്ട് വർഷമാണ്. അങ്ങനെ ബിജു മേനോൻ വഴിയാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിൽ സുജീഷ് എത്തിയത്.
Also read – ആ സമയത്ത് എആർ റഹ്മാനെ തല്ലാൻ പോലും തോന്നിയിട്ടുണ്ട് – രാം ഗോപാൽ വർമ്മ
പിന്നീട് അവർക്കാവശ്യമുള്ള രീതിയിൽ ഫീമെയിൽ വേർഷനാക്കി ഈ പാട്ടിനെ മാറ്റി. സിത്താരയുടെ ശബ്ദത്തിലൂടെ ഇത് അനശ്വരമായി. ഇന്നും റീൽസിലൂടെ വിരഹവും വേദനയും പങ്കുവെയ്ക്കാൻ എത്തുന്നവർ ആദ്യം തിരയുന്ന ഗാനം ഇതു തന്നെയാണ്. ആഴ്ന്നിറങ്ങുന്ന വരികളും ആർക്കും പാടാൻ കഴിയുന്ന ഈണവും ഓരോ മനുഷ്യന്റെയും ഉള്ളുലയ്ക്കുന്നതാണെന്നു പറയാതെ വയ്യ.